റയാന ബര്‍നാവിയും അലി അല്‍ഖര്‍നിയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ശാസ്ത്രീയ ദൗത്യം ആരംഭിച്ചു

May 28, 2023
9
Views

സൗദി ബഹിരാകാശ സഞ്ചാരികളായ റയാന ബര്‍നാവിയും അലി അല്‍ഖര്‍നിയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ശാസ്ത്രീയ ദൗത്യം ആരംഭിച്ചു.

ജിദ്ദ: സൗദി ബഹിരാകാശ സഞ്ചാരികളായ റയാന ബര്‍നാവിയും അലി അല്‍ഖര്‍നിയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ശാസ്ത്രീയ ദൗത്യം ആരംഭിച്ചു.

രണ്ടുപേരും മൈക്രോ ഗ്രാവിറ്റി പരിതസ്ഥിതിയില്‍ 14 ശാസ്ത്ര-വിദ്യാഭ്യാസ ഗവേഷണ പരീക്ഷണങ്ങള്‍ നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. സൗദി അറേബ്യയിലെ 47 വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 12,000 വിദ്യാര്‍ഥികള്‍ ഉപഗ്രഹം വഴി ബഹിരാകാശ സഞ്ചാരികളുമായി സംവദിക്കുന്ന മൂന്ന് വിദ്യാഭ്യാസ പരീക്ഷണങ്ങള്‍ ഇതിലുള്‍പ്പെടും.

സൗദി മേധാവികളുടെയും പര്യവേക്ഷകരുടെയും ശാസ്ത്രജ്ഞരുടെയും പുതിയ തലമുറയെ കെട്ടിപ്പടുക്കുന്നതിനും വിഷൻ 2030ന്റെ ലക്ഷ്യങ്ങള്‍ക്കായി ഗവേഷണം, വികസനം, നൂതനാശയങ്ങള്‍ എന്നിവയുടെ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനും സംഭാവന ചെയ്യുക ലക്ഷ്യമിട്ടാണിത്.

തലച്ചോറിലും നാഡീവ്യവസ്ഥയിലുമുള്ള ആറ് ശാസ്ത്രീയ പരീക്ഷണങ്ങളും ഇവരുടെ പരീക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നുണ്ട്. തലച്ചോറിലും നാഡീവ്യൂഹത്തിലും കുറഞ്ഞ ഗുരുത്വാകര്‍ഷണവും ഉയര്‍ന്ന വികിരണവുമുള്ള ബഹിരാകാശ പരിസ്ഥിതിയുടെ സ്വാധീനം പഠിക്കുക എന്ന ലക്ഷ്യത്തോടെയാണിത്.

ബഹിരാകാശ പറക്കലുമായി മനുഷ്യൻ പൊരുത്തപ്പെടുന്നതിന്റെ വ്യാപ്തി കണ്ടെത്താനും ആരോഗ്യത്തില്‍ അതിന്റെ സ്വാധീനം മനസ്സിലാക്കാനും ബഹികാരാശ യാത്രകള്‍ തലച്ചോറിന് സുരക്ഷിതമാണോ എന്ന് നിര്‍ണയിക്കാനും കൂടിയാണിത്. കൂടാതെ മനുഷ്യന്റെ സുപ്രധാന അവയവങ്ങളുടെയും സിസ്റ്റങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ മൈക്രോ ഗ്രാവിറ്റി പരിതസ്ഥിതിയില്‍ പരിശോധിക്കപ്പെടും. തലച്ചോറിലേക്കുള്ള രക്തയോട്ടം അളക്കല്‍, പ്രഷര്‍ വിലയിരുത്തല്‍, തലച്ചോറിന്റെ വൈദ്യുതി പ്രവര്‍ത്തനം, ഒപ്റ്റിക് നാഡിയിലെ മാറ്റങ്ങള്‍ നിരീക്ഷിക്കല്‍ എന്നിവ പോലുള്ളവ ഇതിലുള്‍പ്പെടും. ഭാവിയില്‍ മനുഷ്യര്‍ക്ക് ബഹിരാകാശ യാത്ര സുരക്ഷിതമാക്കുക, ബഹിരാകാശ പര്യവേക്ഷണം നടത്താനുള്ള ശ്രമങ്ങള്‍ വര്‍ധിപ്പിക്കുക തുടങ്ങിയവയും ലക്ഷ്യമാണ്.

മൈക്രോ ഗ്രാവിറ്റി പരിതസ്ഥിതിയില്‍ രോഗപ്രതിരോധ കോശങ്ങളുടെ പ്രതികരണം പഠിക്കുന്നതിനും മറ്റും നാല് പരീക്ഷണങ്ങളും ഇരുവരും നടത്തും. ഭൂമിയില്‍ തിരിച്ചെത്തി ഫലങ്ങള്‍ താരതമ്യം ചെയ്യാനും വിശകലനത്തിനും വേണ്ടി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ തയാറാക്കിയ പരീക്ഷണങ്ങളില്‍നിന്ന് സാമ്ബിളുകള്‍ എടുക്കും. മൈക്രോ ഗ്രാവിറ്റി പരിതസ്ഥിതിയില്‍ കൃത്രിമ മഴ പെയ്യിക്കാനുള്ള പരീക്ഷണവും നടത്തും. മഴ വിത്ത് സാങ്കേതികവിദ്യയെക്കുറിച്ചുള്ള ഗവേഷകരുടെ ധാരണ മെച്ചപ്പെടുത്തുന്നതിനും പല രാജ്യങ്ങളിലും മഴയുടെ തോത് മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണിത്.

മഴയുടെ തോത് വര്‍ധിപ്പിക്കുന്നതിന് സൗദിയിലും പല രാജ്യങ്ങളിലും ഉപയോഗിക്കുന്ന ക്ലൗഡ് സീഡിങ് പ്രക്രിയയെ അനുകരിച്ചായിരിക്കും ഇത്. ചന്ദ്രന്റെയും ചൊവ്വയുടെയും ഉപരിതലത്തിലുള്ള ബഹിരാകാശ കോളനികളില്‍ ജീവിക്കാൻ കൃത്രിമ മഴ ഉള്‍പ്പെടെയുള്ള മനുഷ്യര്‍ക്ക് അനുയോജ്യമായ സാഹചര്യങ്ങള്‍ ഒരുക്കുന്നതിന് പുതിയ മാര്‍ഗങ്ങള്‍ രൂപപ്പെടുത്താൻ പരീക്ഷണ ഫലങ്ങള്‍ ശാസ്ത്രജ്ഞരെയും ഗവേഷകരെയും സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Article Categories:
World

Leave a Reply

Your email address will not be published. Required fields are marked *