ചേർക്കുന്നത് ചീഞ്ഞ ഇലകള്‍ മുതൽ മരപ്പൊടി വരെ; മായംചേര്‍ത്ത 15 ടണ്‍ മസാല പിടിച്ചെടുത്തു

May 7, 2024
35
Views

ന്യൂഡൽഹി: ഡൽഹിയിലെ കാരവൽ നഗറിൽ വ്യാജ മസാലകൾ പിടികൂടി . മായം കലർന്ന 15 ടൺ സുഗന്ധവ്യഞ്ജനങ്ങളാണ് ഡൽഹി പൊലീസ് പിടികൂടിയത്. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പോലീസ് രണ്ട് ഫാക്ടറികളിൽ നടത്തിയ റെയ്ഡിലാണ്  മായം ചേർത്ത മസാലകൾ പിടികൂടിയത്. മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഉത്പന്നങ്ങളുണ്ടാക്കാനായി ഉപയോഗിച്ചിരുന്ന ചീഞ്ഞ ഇലകള്‍, അരി, മരപ്പൊടി, ആസിഡുകള്‍, എണ്ണകള്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ടെന്ന് ക്രൈം ബ്രാഞ്ച് ഡി.സി.പി രാകേഷ് പവേരിയ അറിയിച്ചു.

വ്യാജമായി ഭക്ഷ്യപദാര്‍ഥങ്ങള്‍ നിര്‍മിക്കുന്നവരുടേയും ചില കച്ചവടക്കാരുടേയും വിവരങ്ങള്‍ പോലീസിന് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഒരു സംഘത്തെ രൂപീകരിച്ചാണ് നടപടികളുമായി മുന്നോട്ടുപോയത്.

വിവിധ തരം ബ്രാന്‍ഡുകളുടെ പേരിലാണ് ഈ മസാലകള്‍ വില്‍ക്കപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഭക്ഷ്യസുരക്ഷാവിഭാഗമെത്തി പരിശോധനകള്‍ നടത്തി കൂടുതല്‍ സാംപിളുകള്‍ ശേഖരിച്ചു.

അതേ സമയം അറസ്റ്റിലായവരെ റിമാന്‍ഡ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *