സൈബര്‍ തട്ടിപ്പില്‍ വീഴല്ലേ, മുന്നറിയിപ്പുമായി കേരള പൊലീസ്

May 7, 2024
0
Views

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ തുടര്‍ക്കഥയായിട്ടും ഇരയാകുന്നവരുടെ എണ്ണം ഏറിവരികയാണ്. ഇരകളാകുന്നവരില്‍ വിദ്യാസമ്ബന്നരും ഉന്നത മേഖലകളില്‍ ജോലിചെയ്യുന്നവരുമുണ്ട്.

ഇപ്പോഴിതാ സൈബര്‍ തട്ടിപ്പുകളില്‍ നിതാന്തജാഗ്രത പുലര്‍ത്തണമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിയിരിക്കുകയാണ്. നിങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ സമ്ബാദ്യം സുരക്ഷിതമായി സൂക്ഷിക്കേണ്ടത് നിങ്ങളുടെ മാത്രം ഉത്തരവാദിത്തമാണെന്ന് ഓര്‍മപ്പെടുത്തിക്കൊണ്ടാണ് കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

ഓണ്‍ലൈന്‍ പണമിടപാടുകള്‍ വര്‍ദ്ധിച്ചതോടെ പല തരത്തിലുള്ള സൈബര്‍ തട്ടിപ്പുകളും കൂടിവരുകയാണ്. അത്യാവശ്യത്തിന് പണം വേണമെങ്കില്‍ എളുപ്പത്തില്‍ എങ്ങനെ കണ്ടെത്താമെന്ന ചിന്തയാണ് മിക്കവരെയും അലട്ടുന്ന പ്രശ്‌നം.ഈ അവസരമാണ് യഥാര്‍ത്ഥത്തില്‍ തട്ടിപ്പുകര്‍ മുതലെടുക്കുന്നത്. നിക്ഷേപിക്കുന്ന തുക ഇരട്ടിയാക്കി നല്‍കുന്നതിലൂടെ ആളുകളുടെ വിശ്വാസം നേടിയെടുക്കുകയും അങ്ങനെ വന്‍ തുക നിക്ഷേപിപ്പിക്കുന്നതുമാണ് തട്ടിപ്പിന്റെ രീതി.

സിബിഐ, പൊലീസ്, ട്രായ്, എന്‍ഐഎ, നാര്‍ക്കോട്ടിക്ക് കട്രോള്‍ ബ്യൂറോ തുടങ്ങിയ ഉദ്യോഗസ്ഥരെന്ന വ്യാജേനയും തട്ടിപ്പുകാര്‍ പ്രത്യക്ഷപ്പെടുന്നുണ്ടെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇവര്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിയമവിരുദ്ധ ക്രയവിക്രയങ്ങള്‍ നടന്നിട്ടുണ്ടെന്നും പരിശോധനക്കായി അക്കൗണ്ടിലെ പണം ട്രാന്‍സ്ഫര്‍ ചെയ്യാനും ആവശ്യപ്പെടുന്നതാണ് തട്ടിപ്പിന്റെ രീതി. യഥാര്‍ത്ഥത്തില്‍ ഇങ്ങനെ ചെയ്യാന്‍ ഒരു അന്വേഷണ ഏജന്‍സിക്കും അധികാരമില്ല എന്നതാണ് വസ്തുത. എന്നാല്‍ അക്കൗണ്ട് മരവിപ്പിക്കാനുള്ള അധികാരമുണ്ടെങ്കിലും ഒരന്വേഷണ ഏജന്‍സിയും പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ആവശ്യപ്പെടില്ല.

വ്യാജ വെബ്‌സൈറ്റുകള്‍ ഗൂഗിള്‍ സേര്‍ച്ചില്‍ ആദ്യം ലിസ്റ്റ് ചെയ്യുന്ന രീതിയില്‍ ക്രമീകരിച്ചാണ് തട്ടിപ്പ് സംഘം പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ തന്നെ ഔദ്യോഗിക സൈറ്റുകളില്‍ നിന്നു മാത്രം കസ്റ്റമര്‍ കെയര്‍ നമ്ബറുകള്‍, ഇമെയില്‍ വിലാസങ്ങള്‍ എന്നിവ ശേഖരിക്കുക എന്നതാണ് തട്ടിപ്പില്‍ വീഴാതിരിക്കാനുള്ള ഏകപ്രതിവിധി. ഇത്തരം സൈബര്‍ തട്ടിപ്പുകളില്‍ ഇരകളാകാതിരിക്കാന്‍ റിസര്‍വ് ബാങ്ക് അംഗീകരിച്ച സ്ഥാപനങ്ങളെ മാത്രം ആശ്രയിക്കണമെന്നും കേരള പൊലീസ് ജാഗ്രതപ്പെടുത്തുന്നുണ്ട്. പണം നിക്ഷേപിക്കാന്‍ നിങ്ങളെ പ്രേരിപ്പിച്ചുകൊണ്ട് വാട്‌സ്‌ആപ്പ്, ടെലിഗ്രാം മുതലായ സാമൂഹ്യ മാധ്യമങ്ങളില്‍ ലഭിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും മുന്നറിയിപ്പുണ്ട്.

ഓണ്‍ലൈന്‍ സാമ്ബത്തികത്തട്ടിപ്പിനിരയായാല്‍ ഒരുമണിക്കൂറിനകം തന്നെ വിവരം 1930 എന്ന നമ്ബറില്‍ അറിയിക്കണം. എത്രയും നേരത്തേ റിപ്പോര്‍ട്ട് ചെയ്താല്‍ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *