കാഞ്ഞങ്ങാട്: രണ്ടിടങ്ങളിലായി നടത്തിയ പരിശോധനയിൽ എം.ഡി.എം.എ. മയക്കുമരുന്നും തോക്കുമായി നാലുപേരെ ഹൊസ്ദുർഗ് പോലീസ് അറസ്റ്റുചെയ്തു. ആറങ്ങാടി, ആവിക്കര പ്രദേശങ്ങളിലെ വീട്ടിലും വാടക ക്വാർട്ടേഴ്സിലുമാണ് പരിശോധന നടത്തിയത്.
ആറങ്ങാടിയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ എൻ.എ.ഷാഫി (35), മീനാപ്പീസിലെ മുഹമ്മദ് ആദിൽ (26), വടകരമുക്കിലെ കെ.ആഷിക് (28) എന്നിവരും ആവിക്കരയിലെ ക്വാർട്ടേഴ്സിൽ നടത്തിയ പരിശോധനയിൽ ആഷിക് മുഹമ്മദു(24)മാണ് അറസ്റ്റിലായത്.
ആറങ്ങാടിയിലെ മൂന്നംഗസംഘത്തിൽനിന്ന് പോലീസ് 22.48 ഗ്രാം എ.ഡി.എം.എ. മയക്കുമരുന്ന്, ഇത് അളക്കുന്ന രണ്ടു ഇലക്ട്രോണിക് യന്ത്രം, എയർഗൺ, 45,000 രൂപ, ഏഴ് സെൽഫോൺ എന്നിവയാണ് പിടിച്ചത്.
വെള്ളിയാഴ്ച രാത്രി ഷാഫിയുടെ ആറങ്ങാടിയിലെ വീട്ടിൽവച്ച് ഇയാളും മുഹമ്മദ് ആദിലും ആഷിക്കും ചേർന്ന് മയക്കുമരുന്ന് ചെറുപാക്കറ്റുകളിലാക്കുന്ന വിവരമറിഞ്ഞ് ഇൻസ്പെക്ടർ കെ.പി.ഷൈനിന്റെ നേതൃത്വത്തിലെത്തിയ സംഘം മൂന്നുപേരെയും പിടികൂടുകയായിരുന്നു. 1.450 ഗ്രാം എ.ഡി.എം.എയുമായാണ് ആവിക്കരയിലെ ആഷിക്ക് മുഹമ്മദ് പോലീസ് പിടിയിലായത്. പ്രതികളെ ഹൊസ്ദുർഗ് ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (ഒന്ന്) കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
2019-ൽ മയക്കുമരുന്നുമായി പിടിയിലായ ആളാണ് ഷാഫി. അന്ന് 17 ഗ്രാം എ.ഡി.എം.എ. ആണ് പിടിച്ചത്. ആറുമാസത്തിനിടെ ജാമ്യം കിട്ടി പുറത്തിറങ്ങിയ ഇയാൾ വീണ്ടും ഇതേ പണിയിലേർപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആവിക്കരയിലെ ആഷിക് മുഹമ്മദും മയക്കുമരുന്ന് മൊത്തമായി വാങ്ങി വിൽപ്പന നടത്തുന്നയാളാണെന്നും പോലീസ് പറഞ്ഞു.