തലവേദനയോ ആര്‍ത്തവ വേദനയോ അനുഭവപ്പെട്ടാല്‍ വേദന സംഹാരിയായ മെഫ്റ്റാലിനെ ആശ്രയിക്കുന്നവരാണോ നിങ്ങള്‍? തൊട്ടതിനും പിടിച്ചതിനുമൊക്കെ ഇതു കഴിക്കുമ്ബോള്‍ രണ്ടുവട്ടം ആലോചിക്കുന്നത് നല്ലതായിരിക്കും.
വേദന സംഹാരിയായ മെഫ്റ്റാലിന്റെ ദോഷഫലങ്ങളെ കുറിച്ച് അടുത്തിടെ ഇന്ത്യൻ ഫാര്‍മക്കോപ്പിയ കമ്മീഷൻ മുന്നറിയിപ്പ് നല്കുകയുണ്ടായി. മരുന്നില്‍ മെഫെനാമിക് ആസിഡ് ഉണ്ടെന്ന് ഇന്ത്യൻ ഫാര്‍മക്കോപ്പിയ കമ്മീഷൻ പറഞ്ഞു. ഇത് കടുത്ത അലര്‍ജി പ്രശ്നങ്ങള്‍ക്ക് കാരണമാകും.
മെഫ്റ്റാല്‍ കഴിച്ചാല്‍ ചിലയാളുകളുടെ ശരീരത്തില്‍ തിണര്‍പ്പും പനിയും അനുഭവപ്പെടാം. കുറെ കഴിഞ്ഞാല്‍ ആന്തരികാവയവങ്ങള്‍ക്ക് തന്നെ കേടുപാടുകള്‍ സംഭവിക്കാം. മരുന്ന് ദിവസേന കഴിച്ചാല്‍ ദഹന നാളത്തിന് പ്രശ്നങ്ങള്‍ ഉണ്ടാക്കാം. ഇത്തരം മരുന്നുകള്‍ ദീര്‍ഘകാലം ഉപയോഗിച്ചാല്‍ വയറ്റില്‍ അള്‍സറുണ്ടാക്കും. ചികിത്സിച്ചില്ലെങ്കില്‍ ഈ അള്‍സര്‍ കാൻസറായി മാറാനും സാധ്യതയുണ്ട്. അതുപോലെ ഹൃദയത്തിന്റെ ആരോഗ്യത്തിനും ഈ മരുന്ന് നല്ലതല്ല. അതിനാല്‍ ഹൃദയ സംബന്ധമായ അസുഖങ്ങളുള്ളവര്‍ ഈ മരുന്ന് കഴിക്കുന്നത് ഒഴിവാക്കണം. അതേസമയം രോഗലക്ഷണങ്ങള്‍ ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും.
ഒരു നോണ്‍ സ്റ്റിറോയ്ഡ് ആന്റി ഇൻഫ്ലമേറ്ററി മരുന്നാണ് മെഫ്റ്റാല്‍. റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് രോഗികളും ആര്‍ത്തവ വേദന കുറക്കാനും ഈ മരുന്ന് പതിവായി ഉപയോഗിക്കുന്നവരുണ്ട്. മരുന്ന് സ്ഥിരമായി കഴിക്കുന്നവരില്‍ ശരീര ഭാരം വര്‍ധിക്കും. ചിലര്‍ക്ക് ചര്‍മത്തില്‍ തിണര്‍പ്പോ പാടോ പോലുള്ള അലര്‍ജി പ്രശ്നങ്ങളുണ്ടാക്കും. ചിലരില്‍ രക്തം കലര്‍ന്ന മൂത്രം പോകും. മൂത്രമൊഴിക്കുമ്ബോള്‍ വേദനയനുഭവപ്പെടാം. ഗര്‍ഭിണികളും മുലയൂട്ടുന്ന സ്ത്രീകളും ഈ മരുന്ന് ഒരിക്കലും കഴിക്കരുതെന്നും നിര്‍ദേശമുണ്ട്.
തലവേദന, ആര്‍ത്തവ വേദന, പേശീവേദന, സന്ധിവേദന എന്നിവയകറ്റാനായി ഇന്ത്യയിലെ ജനങ്ങള്‍ സാധാരണയായി ഉപയോഗിക്കുന്ന മരുന്ന് കൂടിയാണ് മെഫെനാമിക് ആസിഡ് എന്ന മെഫ്റ്റാല്‍. കൂടാതെ കുട്ടികളിലുണ്ടാകുന്ന പനിക്കും ഈ മരുന്ന് ഉപയോഗിക്കാറുണ്ട്.
ബ്ലൂ ക്രോസ് ലബോറട്ടറീസിന്റെ മെഫ്റ്റാല്‍, മാന്‍കൈന്‍ഡ് ഫാര്‍മയുടെ മെഫ്കൈന്‍ഡ് പി, ഫൈസറിന്റെ പോണ്‍സ്റ്റാന്‍, സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മെഫനോര്‍മം എന്നിവയാണ് ഈ മരുന്നിന്റെ വിവിധ ബ്രാന്‍ഡുകള്‍.