തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് അടിയന്തര യോഗം ചേരും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) ഉയരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സാധ്യതയുണ്ട്. അടുത്ത നാലാഴ്ച നിര്‍ണായകമാണെന്നും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യ മന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു.
ലോക്ക്ഡൗണിലേക്ക് വീണ്ടും പോകേണ്ടതില്ല എന്ന നിലപാട് തന്നെയാണ് ആരോഗ്യ വകുപ്പിനും ഉള്ളത്. എന്നാല്‍ പ്രാദേശിക നിയന്ത്രണങ്ങള്‍ ശക്തമാക്കിയേക്കും. വാരാന്ത്യ ലോക്ക്ഡൗണ്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ചും ചര്‍ച്ച ഉണ്ടായേക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേരുന്ന അവലോകനം യോഗത്തിലായിരിക്കും അന്തിമ തീരുമാനം.
ഓണക്കാലത്ത് ജാഗ്രത പാലിച്ചില്ലെങ്കില്‍ പ്രതിദിന കേസുകള്‍ 40,000 കടക്കുമെന്ന് കേന്ദ്ര സംഘം മുന്നറിയിപ്പ് നല്‍കിയിരുന്നു. മൂന്നാം തരംഗം എത്തുന്നതിന് മുന്‍പ് തന്നെ രോഗികള്‍ കൂടുന്നതും സംസ്ഥാനത്തിന്റെ ആരോഗ്യ സംവിധാനങ്ങള്‍ക്ക് വെല്ലുവിളിയാണ്. കുട്ടികള്‍ക്ക് വാക്സിനേഷന്‍ ആരംഭിക്കാത്തതിനാല്‍ പ്രത്യേക മുന്‍കരുതല്‍ നടപടികളാണ് ആരോഗ്യ വകുപ്പ് സ്വീകരിച്ചിരിക്കുന്നത്.
490 ഓക്‌സിജന്‍ സജ്ജീകരണമുള്ള പീഡിയാട്രിക് കിടക്കകള്‍, 158 എച്ച്‌ഡിയു. കിടക്കകള്‍, 96 ഐസിയു കിടക്കകള്‍ എന്നിങ്ങനെ ആകെ 744 കിടക്കകളാണ് കുട്ടികള്‍ക്കായി സജ്ജമാക്കുന്നത്. പരിശോധനകള്‍ വര്‍ധിപ്പിച്ചും പരമാവധി പേര്‍ക്ക് വാക്സിന്‍ നല്‍കിയും രോഗവ്യാപനം പ്രതിരോധിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. സംസ്ഥാനത്ത് നിലവില്‍ 1.54 ലക്ഷം പേരാണ് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.