ഓഗസ്‌ത് 31-നകം രാജ്യം വിടണമെന്ന് യുഎസിന് താലിബാന്റെ അന്ത്യശാസനം. സൈനിക പിന്മാറ്റം പൂർത്തിയാക്കിയില്ലെങ്കിൽ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നുമാണ് മുന്നറിയിപ്പ്. 31നു വിദേശ സേന പോയശേഷവും മതിയായ രേഖകൾ ഉള്ളവർക്കു യാത്രാവിമാനങ്ങളിൽ രാജ്യം വിടാൻ തടസ്സമുണ്ടാവില്ലെന്നു താലിബാൻ വക്താവ് സുഹൈൽ ഷഹീൻ പറഞ്ഞു.
എന്നാൽ അഫ്ഗാനിസ്ഥാനിൽ നിന്ന് എല്ലാ അമേരിക്കക്കാരെയും ഒഴിപ്പിക്കാൻ കൂടുതൽ സമയം വേണ്ടിവരുമെന്നാണ് കണക്ക് കൂട്ടൽ. ഇക്കാര്യത്തിൽ 24 മണിക്കൂറിനകം പ്രസിഡൻറ് ജോ ബൈഡൻറെ അന്തിമതീരുമാനം പുറത്തുവരും. നാട്ടിലെത്തണമെന്ന് ആഗ്രഹിക്കുന്ന എല്ലാ അമേരിക്കക്കാരേയും തിരിച്ചെത്തിക്കുമെന്നും ആരെയും കൈവിടില്ലെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി അറിയിച്ചു.
ഇന്നുചേരുന്ന ജി7 രാജ്യങ്ങളുടെ വെർച്വൽ സമ്മേളനത്തിൽ ഇക്കാര്യം അന്തിമമായി തീരുമാനിക്കും. യു.കെ, ഫ്രാൻസ്, ജർമനി അടക്കമുള്ള ജി–7 രാജ്യങ്ങൾ ഒഴിപ്പിക്കൽ പൂർത്തിയാക്കാനുള്ള തീയതി നീട്ടണമെന്ന നിലപാടിലാണ്. അതേസമയം പതിനായിരങ്ങൾ തിങ്ങിനിറഞ്ഞ കാബൂൾ വിമാനത്താവളത്തിൽ ഇന്നലെയും സംഘർഷമുണ്ടായി. യുഎസ് സേനയെ സഹായിക്കുന്ന അഫ്ഗാൻ സുരക്ഷാ ഉദ്യോഗസ്ഥൻ വെടിവയ്പിൽ കൊല്ലപ്പെട്ടു.