എസ്.എസ്.എല്‍.സി പ്ലസ് ടു പരീക്ഷകള്‍ക്ക് മാറ്റമില്ല, സിലബസ് പുതുക്കും; ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ടൈം ടേബിള്‍ പുനസംഘടിപ്പിക്കും: വി. ശിവന്‍കുട്ടി

January 15, 2022
105
Views

സംസ്ഥാനത്ത് എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. എസ്എസ്എല്‍സി പാഠ്യഭാഗം ഫെബ്രുവരി ഒന്നിന് പൂര്‍ത്തിയാവും. എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഫോക്കസ് ഏരിയ നിശ്ചയിച്ചതായും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. പരീക്ഷകളുടെ നിലവാരം ഉയര്‍ത്തേണ്ടതുണ്ട്. നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം തിങ്കളാഴ്ച ചേരും. സ്‌കൂളുകളുടെ മാര്‍ഗരേഖ പരിഷ്‌കരണം ഉള്‍പ്പെടെ ചര്‍ച്ചയാവുമെന്നും മന്ത്രി അറിയിച്ചു.

ഒന്നു മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകള്‍ അടയ്ക്കുന്ന സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് പ്രത്യേക ടൈം ടേബിള്‍ ഏര്‍പ്പെടുത്തും. അണ്‍ എയ്ഡഡ്, സിബിഎസ്ഇ മേഖലയ്ക്കും ഓണ്‍ലൈന്‍ ക്ലാസിലേക്ക് മാറുന്നത് ബാധകമാണ്. സ്‌കൂളുകള്‍ അടയ്‌ക്കേണ്ട കാര്യമില്ലെന്ന് ചില വിദഗ്ധര്‍ പറയുന്നുണ്ടെങ്കിലും സര്‍ക്കാരിനെ സംബന്ധിച്ച് റിസക് എടുക്കാന്‍ പറ്റില്ല. ഒരു പരീക്ഷണത്തിന് സര്‍ക്കാര്‍ മുതിരുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. സ്‌കൂളുകള്‍ പെട്ടന്ന് അടയ്ക്കുമ്പോള്‍ ഉണ്ടാവുന്ന പരിഭ്രമം ഒഴിവാക്കാന്‍ വേണ്ടിയാണ് സ്‌കൂളുകള്‍ അടയ്ക്കുന്നത് ഒരാഴ്ച കഴിഞ്ഞാക്കിയതെന്നും മന്ത്രി പറഞ്ഞു.

കൊവിഡ്, ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്തെ സ്‌കൂളുകള്‍ വീണ്ടും അടയ്ക്കാന്‍ തീരുമാനിച്ചത്. ഒമ്പതാം ക്ലാസ് വരെ ജനുവരി 21 മുതല്‍ രണ്ടാഴ്ചക്കാലം ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ക്ലാസ് നടത്തിയാല്‍ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനിച്ചത്. ഫെബ്രുവരി രണ്ടാംവാരം ഇത് തുടരണമോയെന്ന് പരിശോധിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ രണ്ടാഴ്ചവരെ അടച്ചിടാന്‍ പ്രിന്‍സിപ്പല്‍/ഹെഡ്മാസ്റ്റര്‍ക്ക് അധികാരം നല്‍കും.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *