നിയമ വിദ്യാർഥിനിയുടെ ആത്മഹത്യ: ആലുവയിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം; പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു

November 25, 2021
96
Views

കൊച്ചി: നിയമ വിദ്യാർഥിനി മൊഫിയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആലുവയിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. ആലുവ റൂറൽ എസ്.പി ഓഫീസിലേക്ക് എറണാകുളം ഡിസിസിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്. പ്രവർത്തകരെ ബാരിക്കേഡ് ഉപയോഗിച്ച് പോലീസ് തടഞ്ഞു.

ബാരിക്കേഡ് മറിച്ചിട്ട് പ്രവർത്തകർ മുന്നോട്ട് കുതിച്ചതോടെ ജലപീരങ്കി ഉപയോഗിച്ചു. വൻ പോലീസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നു. പ്രവർത്തകർ പിരിഞ്ഞുപോകാൻ കൂട്ടാക്കാതിരുന്നതോടെ പോലീസ് വീണ്ടും ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. ഇതിനിടെ പോലീസിനുനേരെ കല്ലേറുമുണ്ടായി.

മരണത്തിൽ ആരോപണ വിധേയനായ സി.ഐയെ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു മാർച്ച്. ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ്, ഹൈബി ഈഡൻ എംപി തുടങ്ങിയ നേതാക്കളും മാർച്ചിൽ അണിനിരന്നു.

മൊഫിയയുടെ മരണത്തിൽ കഴിഞ്ഞി ദിവസം ആലുവ പോലീസ് സ്റ്റേഷനു മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധം സംഘർഷത്തിന് വഴിവെച്ചിരുന്നു. ബുധനാഴ്ച രാവിലെ മുതൽ ബെന്നി ബഹനാൻ എം.പി.യുടെയും അൻവർ സാദത്ത് എം.എൽ.എ.യുടെയും നേതൃത്വത്തിൽ ആലുവ പോലീസ് സ്റ്റേഷനിൽ യു.ഡി.എഫ്. പ്രവർത്തകർ കുത്തിയിരുന്നു. ഈ പ്രതിഷേധം തുടരുകയാണ്.

അതിനിടെ, മൊഫിയയുടെ പരാതിയുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ ചർച്ചയിൽ സി.ഐ. സി.എൽ. സുധീറിന് ഗുരുതര പിഴവുകൾ സംഭവിച്ചിട്ടില്ലെന്ന് ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ആലുവ ഡിവൈ.എസ്.പി. പി.കെ. ശിവൻകുട്ടിക്കായിരുന്നു ഇതു സംബന്ധിച്ച അന്വേഷണ ചുമതല. ചൊവ്വാഴ്ച രാത്രി നൽകിയ റിപ്പോർട്ടിൽ സി.ഐ.ക്ക് ക്ലീൻ ചിറ്റാണ് ഡിവൈ.എസ്.പി. നൽകിയത്. എന്നാൽ വിശദമായ അന്വേഷണ റിപ്പോർട്ട് എസ്.പി. കെ. കാർത്തിക് വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *