വിവാദ ദത്ത് കേസ്: അനുപമയുടെ അച്ഛന്റെ മുൻ‌കൂർ ജാമ്യാപേക്ഷ കോടതി തള്ളി

November 25, 2021
183
Views

തിരുവനന്തപുരം: പേരൂക്കട സ്വദേശി അനുപമയുടെ മകന്റെ വിവാദ ദത്ത് കേസിൽ അനുപമയുടെ അച്ഛൻ ജയചന്ദ്രന്റെ മുൻ‌കൂർ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് കേസിലെ ഒന്നാം പ്രതിയായ ജയചന്ദ്രന്റെ മുൻകൂർ ജാമ്യഹർജി തള്ളിയത്.

അമ്മ അറിയാതെ വ്യാജ രേഖകളുണ്ടാക്കി കുട്ടിയെ ദത്ത് നൽകിയ കേസിൽ അനുപമയുടെ അച്ഛനും അമ്മയും ബന്ധുക്കളുമടക്കം ആറ് പേരാണ് പ്രതികൾ. ഇതിൽ അനുപമയുടെ അമ്മയുൾപ്പെടെ അഞ്ച് പേർക്ക് നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.

ആന്ധ്രാ പ്രദേശിൽ നിന്നുള്ള ദമ്പതികളായിരുന്നു കുഞ്ഞിനെ ദത്ത് എടുത്തത്. ഡിഎൻ എ പരിശോധനയിലൂടെ കുഞ്ഞ് അനുപമയുടേയും അജിത്തിന്റേതുമാണെന്ന് വ്യക്തമായി. ഇതോടെ കുഞ്ഞിനെ അനുപമയ്ക്ക് കോടതിയിടപെട്ട് വിട്ടുനൽകി. കുഞ്ഞിനെ തിരിച്ചുകിട്ടിയെങ്കിലും കുറ്റക്കാർക്കെതിരെ നടപടിയെന്ന ആവശ്യത്തിൽ അനുപമ ഉറച്ച് നിൽക്കുകയാണ്. വനിത ശിശുവികസന ഡയറക്ടർ ടി.വി.അനുപമയുടെ റിപ്പോർട്ടിൽ ദത്ത് നടപടികളിൽ ശിശുക്ഷേമ സമിതിക്കും സിഡബ്ല്യൂസിക്കും ഗുരുതരവീഴ്ചയുണ്ടായി എന്നാണുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ സർക്കാർ നടപടിയുണ്ടാകുമോയെന്നതിൽ വ്യക്തതയില്ല.

അതിനിടെ അനുപമയുടെ കുഞ്ഞിന്റെ ദത്ത് നടപടിയിൽ വീഴ്ചകൾ പുറത്തുവന്നിട്ടും ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനെ സംരക്ഷിക്കുകയാണ് സിപിഎം. ശിശുക്ഷേമ സമിതിക്കും സിഡബ്ല്യൂസിക്കും തെറ്റ് പറ്റിയിട്ടില്ലെന്നും കുറ്റം തെളിയുംവരെ ഷിജുഖാനെതിരെ നടപടി ഉണ്ടാകില്ലെന്നും സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു.

ഷിജുഖാന്‍ തെറ്റുകാരനല്ലെന്നും നടപടിയുണ്ടാകില്ലെന്നുമാണ് ആനാവൂർ ആവർത്തിച്ചത്. വനിതാ ശിശുവികസന ഡയറക്ടർ ടിവി അനുപമയുടെ റിപ്പോർട്ടിന്റെ ഉള്ളടക്കത്തെ കുറിച്ച് അറിയില്ല. ശിശുഷേമസമിതിക്ക് തെറ്റുപറ്റിയെന്ന് റിപ്പോർട്ട് വന്നാൽ നടപടി ആലോചിക്കാം. അത് വരെ ഒരു നടപടിയും ഉണ്ടാകില്ലെന്നും ആനാവൂർ പറഞ്ഞു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *