മോൺസൻ മാവുങ്കലിന്റെ കൈവശമുണ്ടായിരുന്ന തിമിംഗലത്തിന്റെ എല്ല് വനംവകുപ്പ് കണ്ടെത്തി: പീഡനക്കേസില്‍ മേക്കപ്പ്മാന്‍ അറസ്റ്റില്‍

October 24, 2021
218
Views

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൺസൻ മാവുങ്കലിന്റെ കൈവശമുണ്ടായിരുന്ന തിമിംഗലത്തിന്റെ എല്ല് വനംവകുപ്പ് കണ്ടെത്തി. മോൺസന്റെ പുരാവസ്തു മ്യൂസിയത്തിലാണ് തിമിംഗിലത്തിന്റെ രണ്ട് എല്ലുകൾ സൂക്ഷിച്ചിരുന്നത്. എന്നാൽ മോൺസന്റെ അറസ്റ്റിന് മൂന്നുദിവസം മുമ്പ് ഇവ മ്യൂസിയത്തിൽ നിന്ന് കടത്തിയിരുന്നു. കാക്കനാട്ടെ ഒരുവീട്ടിൽ നിന്നാണ് വനംവകുപ്പ് ഫ്ളൈയിങ് സ്ക്വാഡ് ഇവ പിടിച്ചെടുത്തത്. വന്യജീവി സംരക്ഷണ നിയമപ്രകാരം വനംവകുപ്പ് പുതിയ കേസും രജിസ്റ്റർ ചെയ്തു.

തിമിംഗിലത്തിന്റെ എല്ല് മ്യൂസിയത്തിൽ നിന്ന് മാറ്റിയതായി ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിലാണ് ബോധ്യപ്പെട്ടത്. ഇക്കാര്യം ക്രൈംബ്രാഞ്ച് അറിയിച്ചതിനെ തുടർന്ന് നടത്തിയ റെയ്ഡിലാണ് വനംവകുപ്പ് ഫ്ളൈയിങ് സ്ക്വാഡ് ഇവ കണ്ടെത്തിയത്. എല്ലുകൾ ഉടൻ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കാനാണ് വനംവകുപ്പിന്റെ തീരുമാനം.

മോൻസന്റെ മ്യൂസിയത്തിലുണ്ടായിരുന്ന ആനക്കൊമ്പ് അടക്കമുള്ള വസ്തുക്കൾ വ്യാജമാണെന്ന് നേരത്തെ അന്വേഷണത്തിൽ ബോധ്യപ്പെട്ടിരുന്നു. എന്നാൽ തിമിംഗിലത്തിന്റെ എല്ല് യഥാർഥമായതിനാലാണ് ഇവ വീട്ടിൽനിന്ന് കടത്തിയതെന്ന് അന്വേഷണ സംഘം സംശയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിവരം വനംവകുപ്പിന് കൈമാറിയത്.

ഇതിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മോൺസന്റെ അടുത്ത സഹായിയേയും പോലീസ് അറസ്റ്റ് ചെയ്തു. മോക്കപ്പ്മാനായ ജോഷിയെയാണ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. നേരത്തെ ഈ പെൺകുട്ടിയുടെ പരാതിയിൽ മോൺസനെതിരേയും പോക്സോ കേസ് ചുമത്തിയിരുന്നു. ജോഷിയെ ഞായറാഴ്ച തന്നെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *