ആഴം കുറഞ്ഞ ഖനിയില്‍ നിന്നും ഒരു കോടിയിലധികം വിലമതിപ്പുള്ള വജ്രം കണ്ടെത്തി. മധ്യ പ്രദേശിലെ പന്ന ടൗണിലാണ് സംഭവം. കൃഷ്ണ കല്യാണ്‍പൂര്‍ പ്രദേശത്തിന് സമീപമുള്ള ഖനിയില്‍ നിന്നും കിഷോര്‍ഗഞ്ച് നിവാസിയായ സുശീല്‍ ശുക്ലയ്ക്കാണ് വജ്രം ലഭിച്ചത്. വജ്രം ലേലത്തിന് വെയ്ക്കുമെന്നും സര്‍ക്കാര്‍ ലോയല്‍റ്റിയും നികുതിയും നല്‍കിയതിന് ശേഷം ബാക്കി തുക ഖനിത്തൊഴിലാളികള്‍ക്ക് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
പാട്ടത്തിന് എടുത്ത ഭൂമിയില്‍ ചെറിയ രീതിയിലുള്ള ഇഷ്ടിക വ്യാപാരം നടത്തുന്ന വ്യക്തിയാണ് ശുക്ല. തിങ്കളാഴ്ചയാണ് ശുക്ലയ്ക്കും കൂട്ടാളികള്‍ക്കും ഖനിയില്‍ നിന്ന് 26.11 കാരറ്റ് വജ്രം ലഭിച്ചത്. 1.2 കോടിയിലധികം രൂപ ലഭിക്കുന്ന വജ്രമാണിത് എന്നാണ് കരുതുന്നത്. ലേലത്തിന് ശേഷം തനിക്ക് ലഭിക്കുന്ന തുക ബിസിനസ്സിനായി ഉപയോഗിക്കും എന്നും സുശീല്‍ ശുക്ല പറയുന്നു. താനും കുടുംബവും കഴിഞ്ഞ 20 വര്‍ഷക്കാലമായി വജ്ര – ഖനന ജോലിയില്‍ ഏര്‍പ്പെട്ടിരുന്നു. എന്നാല്‍ ഇത്രയും വലിയ വജ്രം തനിക്ക് ആദ്യമായാണ് ലഭിക്കുന്നത് എന്നും അയാള്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യയിലെ വജ്ര ഖനനത്തിന്റെ കേന്ദ്രമാണ് പന്ന. ഇവിടെ 12 ലക്ഷം കാരറ്റിന്റെ വജ്ര ശേഖരം ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഏറെക്കാലമായി നിരവധി ആളുകള്‍ ഈ വജ്രം കണ്ടെത്തുന്നതിനായുള്ള പരിശ്രമത്തിലാണ്. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ നാല് തൊഴിലാളികള്‍ ചേര്‍ന്ന് 8.22 കാരറ്റ് വജ്രം കണ്ടെത്തിയിരുന്നു. 40 ലക്ഷം രൂപയായിരുന്നു അതിന്റെ വില എന്നും അധികൃതര്‍ പറയുന്നു.