കര്‍ണാടകയില്‍ ഖനി വകുപ്പ് ഉദ്യോഗസ്‌ഥ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍.
ബംഗളുരു: കര്‍ണാടകയില്‍ ഖനി വകുപ്പ് ഉദ്യോഗസ്‌ഥ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍. മൈന്‍സ് ആന്‍ഡ് ജിയോളജി വകുപ്പ് ഡെപ്യൂട്ടി ഡയറക്‌ടര്‍ പ്രതിമ(45)യെയാണു സുബ്രഹ്‌മണ്യപുരത്തെ വീട്ടില്‍ കുത്തേറ്റു മരിച്ചനിലയില്‍ കണ്ടെത്തിയത്.
ശനിയാഴ്‌ച രാത്രി എട്ടുമണിയോടെ ഇവരെ കാറില്‍ വീട്ടില്‍ കൊണ്ടുവിട്ടശേഷം ഡ്രൈവര്‍ പോയിരുന്നു. എട്ടരയോടെയാണു കൊലപാതകം നടന്നതെന്നാണു സൂചന. പ്രതിമയുടെ ഭര്‍ത്താവും മകനും ശനിയാഴ്‌ച വീട്ടിലുണ്ടായിരുന്നില്ല. ഇവര്‍ ശിവമൊഗ്ഗയിലെ തീര്‍ഥനഹള്ളിയിലേക്കു പോയതിനാല്‍ യുവതി ഒറ്റയ്‌ക്കായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഇന്നലെ രാവിലെ വീട്ടിലെത്തിയ പ്രതിമയുടെ സഹോദരനാണ് മൃതദേഹം കണ്ടത്. ശനിയാഴ്‌ച രാത്രി പ്രതിമയെ ഫോണില്‍ വിളിച്ചെങ്കിലും എടുക്കാതായതോടെയാണ് സഹോദരന്‍ അന്വേഷിച്ചെത്തിയതെന്നും ബംഗളുരു സൗത്ത് ഡി.സി.പി. രാഹുല്‍ കുമാര്‍ ഷഹാപുര്‍വാദ് പറഞ്ഞു.
ഫൊറന്‍സിക് സംഘം സ്‌ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. അന്വേഷണത്തിനായി മൂന്നു ടീമുകളെ നിയോഗിച്ചതായി ഡി.സി.പി. പറഞ്ഞു. സി.സി. ടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പോലീസ് പരിശോധിക്കുന്നുണ്ട്. പ്രതിമയുടെ വീടുമായി അടുത്തു പരിചയമുള്ളവരാണു കൊലയ്‌ക്കു പിന്നിലെന്നാണു പോലീസിന്റെ സംശയം.
സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ പറഞ്ഞു. എത്രയുംവേഗം അന്വേഷണം പൂര്‍ത്തിയാക്കി പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരും. ആക്രമണകാരണം വ്യക്‌തമല്ലെന്നും അന്വേഷണത്തില്‍ എല്ലാ കാര്യങ്ങളും വ്യക്‌തമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.