തിരുവനന്തപുരം: സമയത്ത് ക്ലാസിലെത്താന്‍ ബസില്ലാതെ വലഞ്ഞ് വിദ്യാര്‍ത്ഥികളെ തന്റെ പെട്ടി ഓട്ടോയില്‍ കയറ്റി സ്‌കൂളിലെത്തിച്ച ഡ്രൈവര്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ കേസെടുത്തു. സംഭവത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്.
കുട്ടികളെ പെട്ടിഓട്ടോയില്‍ കയറ്റിയ ഡ്രൈവര്‍ ബാലരാമപുരം പൂതംകോട് സ്വദേശി ഹാജയാണ് നിയമക്കുരുക്കില്‍ പെട്ടത്. ഇദ്ദേഹത്തിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനും കുട്ടികളെ കയറ്റി യാത്രചെയ്തതിന് പിഴ ഈടാക്കാനും ജോയന്റ് റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഉത്തരവിടുകയായിരുന്നു. ഇദ്ദേഹത്തിന്റെ വാഹനവും മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ പിടിച്ചെടുത്തിരുന്നു. തിങ്കളാഴ്ച സ്‌കൂള്‍ തുറന്ന ദിവസമായിരുന്നു സംഭവം.
ബാലരാമപുരം വഴിമുക്ക് ജംഗ്ഷനില്‍ ബസ് കിട്ടാതെ മണിക്കൂറുകള്‍ വഴിയില്‍ അകപ്പെട്ട വിദ്യാര്‍ഥികളെ നാട്ടുകാര്‍ ഇടപെട്ട് സ്വകാര്യ, പൊതുവാഹനങ്ങളില്‍ കയറ്റി സ്‌കൂളിലേക്ക് വിടുകയായിരുന്നു. ഇതിതിനിടെയാണ് ഹാജയുടെ പെട്ടി ഓട്ടോറിക്ഷാ അവിടെ എത്തുന്നതും നാട്ടുകാര്‍ തന്നെ കുട്ടികളെ അതില്‍ കയറ്റിവിടുന്നതും. കുട്ടികളുടെ യാത്ര പത്രങ്ങളിലും സോഷ്യല്‍ മീഡിയയിലും വലിയ വാര്‍ത്തയാകുകയും ചെയ്തു. ഇതോടെ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ നടപടിയുമായി രംഗത്ത് എത്തിയത്. കെഎസ്ആര്‍ടിസി ബസുകള്‍ കുറവായിരുന്നതും വന്നവ നിര്‍ത്താതെ പോയതും കാരണമാണ് കുട്ടികള്‍ വഴിയില്‍ കുടുങ്ങിയതെന്നുമാണ് നാട്ടുകാര്‍ നല്‍കുന്ന വിശദീകരണം.
ബാലരാമപുരം വഴിമുക്കില്‍ നെയ്യാറ്റിന്‍കര ജോയിന്റ് ആര്‍ടിഒയുടെ നേതൃത്വത്തില്‍ പ്രദേശത്തെ സിസിടിവികള്‍ പരിശോധിച്ച് വാഹനം കണ്ടെത്തിയാണ് പിടിച്ചെടുത്തത്. പെട്ടി ഓട്ടോയില്‍ കുട്ടികളെ കയറ്റാന്‍ നിയം ഇല്ലെന്നും അത് തെറ്റിച്ചതിനാണ് നടപടിയെന്നുമാണ് അധികൃതരുടെ വിശദീകരണം. പണം വാങ്ങി കുട്ടികളെ ഗുഡ്‌സ് ഓട്ടോയില്‍ കൊണ്ടുപോയി എന്നാണ് അധികൃതര്‍ പറയുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
മോട്ടര്‍ വാഹനവകുപ്പിന്റെ നടപടിക്കെതിരെ നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. അതേസമയം സ്‌കൂള്‍ തുറന്ന മൂന്നാം ദിവസമായ ഇന്നലെയും സ്‌കൂളില്‍ എത്താന്‍ ബസ് ഇല്ലാത്തതിനാല്‍ കുട്ടികള്‍ വിഷമിച്ചെന്നും വൈകിട്ടും വീടുകളില്‍ എത്താനും കുട്ടികള്‍ വിഷമിക്കുന്ന അവസ്ഥ തുടരുകയാണെന്നും നാട്ടുകാര്‍ പറയുന്നു.