ചന്ദ്രയാന്‍-3: ഐഎസ്‌ആര്‍ഒ ടീമിനെ അഭിനന്ദിക്കാന്‍ പ്രധാനമന്ത്രി ബെംഗളൂരുവിലെത്തും

August 25, 2023
9
Views

ചാന്ദ്രയാൻ -3 യുടെ വിജയകരമായ ലാൻഡിങ്ങിനു പിന്നില്‍ പ്രവര്‍ത്തിച്ച ഐഎസ്‌ആര്‍ഒ ശാസ്ത്രജ്ഞരെയും ഉദ്യോഗസ്ഥരെയും നേരിട്ട് അഭിനന്ദനം അറിയിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഗസ്റ്റ് 26 ന് ബെംഗളൂരുവിലെത്തും.

ചാന്ദ്രയാൻ -3 യുടെ വിജയകരമായ ലാൻഡിങ്ങിനു പിന്നില്‍ പ്രവര്‍ത്തിച്ച ഐഎസ്‌ആര്‍ഒ ശാസ്ത്രജ്ഞരെയും ഉദ്യോഗസ്ഥരെയും നേരിട്ട് അഭിനന്ദനം അറിയിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഗസ്റ്റ് 26 ന് ബെംഗളൂരുവിലെത്തും.

പ്രധാനമന്ത്രിക്ക് ഗംഭീര വരവേല്‍പു നല്‍കാനുള്ള തയ്യാറെടുപ്പിലാണ് കര്‍ണാടകയിലെ ബി.ജെ.പി. ഘടകമെന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാവും മുൻ മന്ത്രിയുമായ ആര്‍. അശോക പറഞ്ഞു. ഇതിന്റെ ഭാഗമായി നഗരത്തില്‍ മെഗാ റോഡ് ഷോ സംഘടിപ്പിക്കാനും പാര്‍ട്ടി ആലോചിക്കുന്നുണ്ട്.

“പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഗസ്റ്റ് 26 ന് ബംഗളൂരുവിലെത്തും. എച്ച്‌എഎല്‍ വിമാനത്താവളത്തില്‍ 6,000-ത്തിലധികം ആളുകളുടെ അകമ്ബടിയോടെ ഞങ്ങള്‍ അദ്ദേഹത്തെ സ്വീകരിക്കും. അവിടെ വെച്ച്‌ അദ്ദേഹം ബംഗളൂരുവിലെ ജനങ്ങളെ അഭിസംബോധന ചെയ്യുകയും ചെയ്തേക്കാം. ബി.ജെ.പി. ദേശീയ നേതാവ് സന്തോഷ് ജി. (ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ് ) പീനിയയില്‍ ഒരു മെഗാ റോഡ്‌ഷോ സംഘടിപ്പിക്കുന്നതിനെക്കുറിച്ച്‌ എന്നോട് സംസാരിച്ചിരുന്നു. ഞാൻ ദസറഹള്ളി എംഎല്‍എ മുനിരാജുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു”, ബിജെപി നേതാവും മുൻ മന്ത്രിയുമായ ആര്‍ അശോക പറഞ്ഞു. “ബംഗളൂരുവിലെ ജനങ്ങള്‍ മോദിക്ക് ഗംഭീരമായ സ്വീകരണം നല്‍കും. കാരണം ഐഎസ്‌ആര്‍ഒ എന്നാല്‍ ബെംഗളൂരുവും, ബെംഗളൂരു എന്നാല്‍ ഐഎസ്‌ആര്‍ഒയും ആണ്” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പീനിയയ്ക്ക് സമീപം ഒരു കിലോമീറ്ററോളം റോഡ്ഷോ സംഘടിപ്പിക്കാനാണ് പദ്ധതിയെന്നും പ്രധാനമന്ത്രിയെ സ്വീകരിക്കാൻ വിമാനത്താവളത്തിലും ആളുകള്‍ എത്തുമെന്നും ആര്‍. അശോക പറഞ്ഞു. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കാൻ പാര്‍ട്ടി ഓഫീസില്‍ യോഗം വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തു വന്നിട്ടില്ലെങ്കിലും, ഐഎസ്‌ആര്‍ഒയിലെ ശാസ്ത്രജ്ഞരെയും ഉദ്യോഗസ്ഥരെയും നേരിട്ട് അഭിനന്ദിക്കുന്നതിനായി അദ്ദേഹം ഇവിടുത്തെ ടെലിമെട്രി, ട്രാക്കിംഗ് ആൻഡ് കമാൻഡ് നെറ്റ്‌വര്‍ക്ക് (ISTRAC) വിഭാഗത്തിലെ മിഷൻ ഓപ്പറേഷൻസ് കോംപ്ലക്‌സ് സന്ദര്‍ശിക്കാനാണ് സാധ്യതയെന്നാണ് വിവരം.

ചന്ദ്രയാൻ -3 യുടെ വിജയത്തിനു പിന്നാലെ ഐഎസ്‌ആര്‍ഒ ചെയര്‍മാൻ എസ് സോമനാഥിനെ പ്രധാനമന്ത്രി അഭിനന്ദിച്ചിരുന്നു. മുഴുവൻ ടീമിനെയും നേരിട്ട് അഭിനന്ദിക്കാൻ ബെംഗളൂരുവില്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബ്രിക്സ് ഉച്ചകോടി നടക്കുന്ന ജോഹന്നാസ്ബര്‍ഗില്‍ നിന്നാണ് എസ് സോമനാഥുമായി അദ്ദേഹം ഫോണ്‍ സംഭാഷണം നടത്തിയത്. അവിടെ വെച്ച്‌ പ്രധാനമന്ത്രി ചന്ദ്രയാന്റെ ലാൻഡിംഗിന് തല്‍സമയം സാക്ഷ്യം വഹിക്കുകയും ഐഎസ്‌ആര്‍ഒ ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്യുകയും ചെയ്തിരുന്നു.

ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ചന്ദ്രയാൻ വിജയകരമായി ലാൻഡ് ചെയ്യിച്ച്‌ ഇന്ത്യ ചരിത്രം കുറിച്ചത്.അതിസങ്കീര്‍ണമായ ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിലേക്ക് ചന്ദ്രയാന്‍ ലാന്‍ഡ് ചെയ്തതോടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറി. അമേരിക്ക, സോവിയറ്റ് യൂണിയൻ ചൈന ഇവര്‍ക്കൊപ്പം എലൈറ്റ് ഗ്രൂപ്പില്‍ ചന്ദ്രനിലിറങ്ങുന്ന നാലാമത്തെ രാജ്യം കൂടിയാണ് ഇന്ത്യ. റഷ്യയുടെ ലൂണ-25 പേടകം ചന്ദ്രനില്‍ ഇറങ്ങാൻ കഴിയാതെ പരാജയപ്പെട്ട് ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ് ചന്ദ്രയാൻ-3. സോഫ്റ്റ് ലാൻഡിങ് നടത്തിയത്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *