നവകേരള സദസ്സിന് തിരുവനന്തപുരം ജില്ലയില്‍ പ്രൗഢഗംഭീര സമാപനം

December 24, 2023
23
Views

പ്രതീക്ഷകളോടെ 14 നിയോജക മണ്ഡലങ്ങളില്‍ നിന്നും എത്തിയ ജനലക്ഷങ്ങള്‍ക്ക് ഒരിക്കലും മറക്കാനാകാത്ത ഓര്‍മ്മകള്‍ സമ്മാനിച്ച നവകേരള സദസ്സിന് തിരുവനന്തപുരം ജില്ലയില്‍ ഔദ്യോഗിക സമാപനം.

തിരുവനന്തപുരം : പ്രതീക്ഷകളോടെ 14 നിയോജക മണ്ഡലങ്ങളില്‍ നിന്നും എത്തിയ ജനലക്ഷങ്ങള്‍ക്ക് ഒരിക്കലും മറക്കാനാകാത്ത ഓര്‍മ്മകള്‍ സമ്മാനിച്ച നവകേരള സദസ്സിന് തിരുവനന്തപുരം ജില്ലയില്‍ ഔദ്യോഗിക സമാപനം.

വര്‍ക്കല ശിവഗിരി മഠം ഓഡിറ്റോറിയത്തില്‍ നിന്നും 20ന് വൈകുന്നേരം ആറുമണിക്ക് ആരംഭിച്ച ജില്ലയിലെ നവകേരള സദസ്സുമായി ബന്ധപ്പെട്ട പരിപാടികള്‍ക്ക് വട്ടിയൂര്‍ക്കാവ് സെൻട്രല്‍ പോളിടെക്‌നിക്കില്‍ 23ന് സമാപനമായി. സംസ്ഥാനത്തെ 136ാം നിയോജക മണ്ഡലത്തിലെ നവകേരള സദസ്സായായിരുന്നു വട്ടിയൂര്‍ക്കാവില്‍ നടന്നത്.

പതിനായിരത്തോളം പേര്‍ക്ക് പങ്കെടുക്കാൻ പറ്റിയ സൗകര്യങ്ങള്‍ ജില്ലയിലെ എല്ലാ വേദികളിലും ഒരുക്കിയിരുന്നു. എല്ലായിടത്തും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. സമൂഹത്തിലെ എല്ലാ വിഭാഗത്തില്‍പ്പെട്ടയാളുകളുടെയും തെരഞ്ഞെടുത്ത പ്രതിനിധികളുമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സംവദിക്കുന്ന പ്രഭാതയോഗങ്ങള്‍ ആറ്റിങ്ങല്‍, കാട്ടാക്കട, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നടന്നു. ഭാവികേരളത്തിന്റെ വികസന പദ്ധതികള്‍ രൂപീകരിക്കുന്നതിനാവശ്യമായ നയരൂപീകരണത്തിനുള്ള ആശയങ്ങള്‍ സ്വീകരിക്കുന്നത് കൂടി ലക്ഷ്യമിട്ടാണ് പ്രഭാതയോഗങ്ങള്‍ സംഘടിപ്പിച്ചത്. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ പരിഹരിക്കപ്പെടേണ്ട പ്രശ്‌നങ്ങളും മന്ത്രിതല ഇടപെടല്‍ ആവശ്യമുള്ള വികസന പദ്ധതികളും പ്രഭാതയോഗങ്ങളില്‍ ചര്‍ച്ചയായി.

ആറ്റിങ്ങല്‍ പൂജാ കണ്‍വെൻഷൻ സെന്ററിലെ പ്രഭാതയോഗത്തോടെയായിരുന്നു 22ന് പരിപാടികള്‍ ആരംഭിച്ചത്. രാവിലെ 11 മണിക്ക് ചിറയിൻകീഴ് മണ്ഡലത്തിലെ നവകേരള സദസ്സ് തോന്നയ്ക്കല്‍ ലൈഫ് സയൻസ് പാര്‍ക്കിലായിരുന്നു സംഘടിപ്പിച്ചിരുന്നത്. ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക് മാമം മൈതാനത്ത് ആറ്റിങ്ങലിലേയും 04.30ന് മാണിക്കോട് ക്ഷേത്രത്തിന് സമീപത്തെ ഗ്രൗണ്ടില്‍ വാമനപുരത്തേയും ആറിന് നെടുമങ്ങാട് മുൻസിപ്പല്‍ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നെടുമങ്ങാട് മണ്ഡലത്തിലെയും നവകേരള സദസ്സ് നടന്നു.

കാട്ടാക്കട തൂങ്ങാംപാറ ശ്രീ കാളിദാസ ഓഡിറ്റോറിയത്തിലായിരുന്നു ജില്ലയിലെ രണ്ടാമത്തെ പ്രഭാതയോഗം. ആര്യനാട് വില്ലാ നസ്രേത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ അരുവിക്കരയിലെയും കാട്ടാക്കട ക്രിസ്ത്യൻ കോളേജില്‍ കാട്ടാക്കടയിലെയും നെയ്യാറ്റിൻകര മുൻസിപ്പല്‍ സ്റ്റേഡിയത്തില്‍ നെയ്യാറ്റിൻകരയിലെയും കാരക്കോണം സിഎസ്‌ഐ മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ പാറശാല മണ്ഡലത്തിലെയും നവകേരള സദസ്സുകള്‍ നിറഞ്ഞുകവിഞ്ഞ വേദികളിലാണ് നടന്നത്.

അവസാന ദിവസമായ ഇന്ന് ഇടപ്പഴഞ്ഞി ആര്‍ഡിആര്‍ കണ്‍വെൻഷൻ സെന്ററിലാണ് പ്രഭാതയോഗം നടന്നത്. തുടര്‍ന്ന് കോവളം, നേമം, കഴക്കൂട്ടം മണ്ഡലങ്ങളിലെ നവകേരള സദസ്സുകള്‍ യഥാക്രമം വിഴിഞ്ഞം ഇന്ത്യൻ ഓയില്‍ പെട്രോള്‍ പമ്ബിന് സമീപത്തെ ഗ്രൗണ്ട്, പൂജപ്പുര മൈതാനം, കാര്യവട്ടം ഗ്രീൻഫീല്‍ഡ് സ്‌റ്റേഡിയം എന്നിവിടങ്ങളില്‍ നടന്നു. വട്ടിയൂര്‍ക്കാവ് സെൻട്രല്‍ പോളിടെക്‌നിക്ക് കോളേജ് ഗ്രൗണ്ടില്‍ വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം നിയോജക മണ്ഡലങ്ങളിലെ സംയുക്ത പരിപാടിയിലാണ് ജില്ലയിലെ നവകേരള സദസ്സ് സമാപിച്ചത്.

ജില്ലാതലത്തില്‍ ഏകോപന യോഗങ്ങള്‍ ചേര്‍ന്നും എല്ലാ നിയോജക മണ്ഡലത്തിലും അതത് എം.എല്‍.എമാരെ ചെയര്‍മാന്മാരും ജില്ലാതല ഉദ്യോഗസ്ഥരെ കണ്‍വീനര്‍മാരുമാക്കി സംഘാടക സമിതി രൂപീകരിച്ചും ചിട്ടയോടെയായിരുന്നു ജില്ലയിലെ ഒരുക്കങ്ങള്‍.കോവളം നിയോജക മണ്ഡലത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാറായിരുന്നു സംഘാടക സമിതി ചെയര്‍മാൻ. നിയോജക മണ്ഡലത്തിലെ സംഘാടക സമിതിക്ക് കീഴില്‍ എല്ലാ തദ്ദേശ സ്ഥാപനാടിസ്ഥാനത്തിലും ബൂത്തുതലത്തിലും സ്വാഗത സംഘങ്ങള്‍ രൂപീകരിച്ചിരുന്നു. കൂടാതെ പൊതുജനങ്ങളില്‍ നിന്നും വിവിധ വിഷയങ്ങളില്‍ നിവേദനങ്ങള്‍ സ്വീകരിക്കാനും നവകേരള സദസ്സിന്റെ സന്ദേശമെത്തിക്കാനും വീട്ടുമുറ്റ സദസ്സുകളും നടത്തിയിരുന്നു.

എല്ലാ നിയോജക മണ്ഡലങ്ങളിലും ജോബ് ഫെസ്റ്റ്, തെരുവ് നാടകം, ഫ്‌ളാഷ് മോബ്, കലാ – കായിക മത്സരങ്ങള്‍, സാംസ്‌കാരിക സമ്മേളനങ്ങള്‍ എന്നിവയും നവകേരള സദസ്സിന്റെ അനുബന്ധ പരിപാടികളായി സംഘടിപ്പിച്ചിരുന്നു. ഇൻഫര്‍മേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും വികസന വീഡിയോ പ്രദര്‍ശനവും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ നേതൃത്വത്തില്‍ വ്യത്യസ്തമായ പരിപാടികളും നടന്നിരുന്നു.

ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളില്‍ നടന്ന നവകേരള സദസ്സില്‍ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് പൊതുജനങ്ങളില്‍ നിന്നും 61,533 നിവേദനങ്ങള്‍ ലഭിച്ചു. ഇവ അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ട്. വര്‍ക്കലയില്‍ 8716, ചിറയിൻകീഴില്‍ 4364, ആറ്റിങ്ങലില്‍ 6238, വാമനാപുരത്ത് 4590, നെടുമങ്ങാട്ട് 4501, അരുവിക്കരയില്‍ 4802, കാട്ടാക്കട 2444, നെയ്യാറ്റിൻകരയില്‍ 5379, പാറശാലയില്‍ 5662, കോവളത്ത് 3765, നേമത്ത് 3031, കഴക്കൂട്ടത്ത് 3319, തിരുവനന്തപുരത്ത് 2180, വട്ടിയൂര്‍ക്കാവില്‍ 2542 എന്നിങ്ങനെയാണ് നിയോജക മണ്ഡലാടിസ്ഥാനത്തില്‍ നിവേദനങ്ങള്‍ ലഭിച്ചത്. നിവേദനങ്ങള്‍ സ്വീകരിക്കാൻ എല്ലാ വേദികളിലും പ്രത്യേക സജ്ജീകരണങ്ങള്‍ ഏര്‍പ്പടുത്തിയിരുന്നു. ഭിന്നശേഷിക്കാര്‍, സ്ത്രീകള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ക്കായി പ്രത്യേക കൗണ്ടറുകളുമുണ്ടായിരുന്നു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *