തിരുവനന്തപുരം: വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയെ കാണാൻ അമ്മ പ്രേമകുമാരി യമനിലെത്തി.
യമനിലെ ബിസിനസുകാരനായ സാമുവല്‍ ജെറോമും പ്രേമകുമാരിയെ അനുഗമിക്കുന്നുണ്ട്. നിമിഷയുടെ മോചനത്തിനായി കൊല്ലപ്പെട്ട യമൻ പൗരന്റെ കുടുംബവുമായി പ്രേമകുമാരി ചർച്ച നടത്തും.
നിമിഷ പ്രിയയെ കാണാനായി ശനിയാഴ്ച വൈകിട്ടാണ് മുംബൈയില്‍ നിന്ന് വിമാനമാർഗം അമ്മ യാത്ര തിരിച്ചത്. മകളെ കണ്ടിട്ട് 12 വർഷമായെന്നും യമനിലേക്ക് പോകാൻ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും യാത്ര പുറപ്പെടും മുമ്ബ് പ്രേമകുമാരി വ്യക്തമാക്കിയിരുന്നു.
യമനില്‍ പോകാൻ അനുവാദം തേടി അവർ ഡല്‍ഹി ഹൈകോടതിയെ സമീപിച്ചിരുന്നു. സ്വന്തം ഉത്തരവാദിത്വത്തില്‍ പോകാൻ അനുവാദം വേണമെന്നായിരുന്നു ആവശ്യം. ഇതു സംബന്ധിച്ച് കോടതി വിദേശകാര്യ മന്ത്രാലയത്തോട് നിലപാട് ആരാഞ്ഞിരുന്നു.
എന്നാല്‍, പോകാൻ സഹായം ചെയ്യാൻ കഴിയില്ലെന്ന നിലപാടാണ് വിദേശകാര്യ മന്ത്രാലയം സ്വീകരിച്ചത്. തുടർന്നാണ് സ്വന്തം ചെലവില്‍ പോകാമെന്ന കാര്യം അറിയിച്ചത്.