തിരുവനന്തപുരം: സ്ഥിരമായി ഒരിടത്തും താമസിക്കാത്ത യുവാവ്സിനിമാ കഥകളെ പോലും വെല്ലുന്ന രീതിയിൽ നടത്തിയ തട്ടിപ്പാണ് സനിതിൻ്റെ അറസ്റ്റോടെ പുറത്ത് വന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരം സൈബർ ക്രൈം ഡിവൈഎസ്പി ശ്യാംലാലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സനിതിനെ പിടികൂടിയത്.
വിവിധ യുവതികളിൽ നിന്നായി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത ഇയാൾ തലസ്ഥാന നഗരത്തിൽ സ്വൈര്യവിഹാരം നടത്തുമ്പോഴും പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. സ്വന്തം വീട്ടിൽ താമസിക്കാതെ തിരുവനന്തപുരത്തിന്റെ പ്രാന്ത പ്രദേശങ്ങളിലെ ആളൊഴിഞ്ഞ പറമ്പുകളിലെ വലിയ മരങ്ങളായിരുന്നു ഇയാളുടെ കേന്ദ്രം.
മരത്തിന് മുകളിലുള്ള പൊത്തുകളിൽ ഫോൺ വെച്ച ശേഷം താഴെയിറങ്ങി ബ്ലൂടൂത്ത് ഡിവൈസ് ഉപയോഗിച്ചായിരുന്നു ഇയാൾ ഇരകളുമായി സംസാരിച്ചിരുന്നത്. സ്ഥിരമായി ഒരിടത്തും താമസിക്കാത്ത യുവാവ് തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് ആഢംബര ജീവിതമാണ് നയിച്ചിരുന്നത്. നിരവധി യുവതികളെയും വീട്ടമ്മമാരെയുമാണ് തിരുവനന്തപുരം നെയ്യാറ്റിൻകര പള്ളിച്ചൽ വില്ലേജിൽ മടവൂർപാറ മണലിവിളാകത്ത് പുത്തൻവീട്ടിൽ സതികുമാർ മകൻ സനിത് എംഎസ് തട്ടിപ്പിന് ഇരയാക്കിയത്.
ഒഎൽഎക്സ് മുഖേന ജോലിക്കാരെ ആവശ്യമുണ്ട് എന്ന് പരസ്യം നൽകിയാണ് ഇയാൾ പെൺകുട്ടികളെ വലയിൽ വീഴ്ത്തിയിരുന്നത്. സനിത്, ശരത്, മനു, നന്ദു, നിധിൻ എന്നീ പേരുകളിലായിരുന്നു ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. പ്രധാനമായും മൂന്ന് രീതിയിലാണ് ഇയാൾ സ്ത്രീകളെ ഉപയോഗിച്ചിരുന്നത് – പണം തട്ടിയെടുക്കാനും ലൈംഗിക ബന്ധത്തിനും തന്റെ തട്ടിപ്പിന് സഹായികളായും.
തിരുവനന്തപുരം സിറ്റിയിൽ ടെലി കോളർ, ഓഫീസ് അസിസ്റ്റന്റ്, ഡേറ്റാ എൻട്രി ഓപ്പറേറ്റർ തുടങ്ങിയ ജോലികൾക്കായാണ് ഇയാൾ പരസ്യം നൽകിയിരുന്നത്. ഇതനുസരിച്ച് വരുന്ന അപേക്ഷകളിൽ നിന്നും സാമ്പത്തികമായി മെച്ചപ്പെട്ടവർ എന്ന് തോന്നുന്ന അവിവാഹിതരായ യുവതികളെയും സുന്ദരികളായ വീട്ടമ്മമാരെയും ഇയാൾ ഷോർട്ട്ലിസ്റ്റ് ചെയ്യും. അതിന് ശേഷം കമ്പനി എംഡി എന്ന നിലയിൽ ഇവരെ ഫോണിൽ ബന്ധപ്പെടും. രണ്ടോ മൂന്നോ തവണ യുവതികളുമായി സംസാരിച്ച ശേഷം പിന്നീട് യുവതികളെ വിളിക്കുക ഒരു സ്ത്രീയാണ്.
താൻ കമ്പനി എംഡിയുടെ അമ്മയാണെന്നും ബയോഡേറ്റാ കണ്ട് അവന് കുട്ടിയെ ഇഷ്ടമായെന്നും വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നും പറയും. ഇങ്ങനെ ഫോൺ ചെയ്തിരുന്നതും സനിത് തന്നെയായിരുന്നു. വോയ്സ് ചെയ്ഞ്ചർ ആപ്പുകൾ ഉപയോഗിച്ചായിരുന്നു ഇയാൾ ഇങ്ങനെ ചെയ്തിരുന്നത്. സ്വന്തം അമ്മയെ കൊണ്ട് വിളിപ്പിച്ച് പ്രണയം അറിയിച്ച ബിസിനസുകാരനായ മാന്യ യുവാവിന്റെ പ്രൊപ്പോസലിൽ ഓകെ പറഞ്ഞ പെൺകുട്ടികൾക്ക് നഷ്ടമായത് ലക്ഷക്കണക്കിന് രൂപയാണ്.
വിവാഹത്തിന് സമ്മതിക്കുന്ന പെൺകുട്ടികളെ പിന്നീട് സനിത് വിളിക്കും. ഇതിനിടയിൽ തന്റെ ബിസിനസ് സാമ്രാജ്യത്തിന്റെ വളർച്ചയും മറ്റും ഇയാൾ സംസാരിക്കും. ജോലി തേടി ബയോഡേറ്റ അയക്കുന്ന സുമുഖരായ ചെറുപ്പക്കാരുടെ ഫോട്ടോ വാട്സാപ് ഡിപിയാക്കിയാണ് ഇയാൾ ഇത്തരം പെൺകുട്ടികളുമായി ചാറ്റ് ചെയ്തിരുന്നത്. അതിനിടയിൽ പെട്ടെന്നൊരു ദിവസം ഇയാൾ പൊട്ടിക്കരഞ്ഞുകൊണ്ട് യുവതിയെ ഫോണിൽ വിളിക്കും.
താൻ കേരളത്തിന് പുറത്താണെന്നുംഇന്ന് തന്നെ വലിയൊരു തുക ബാങ്കിൽ അടയ്ക്കണം എന്നും ഇല്ലെങ്കിൽ കമ്പനി പൂട്ടിപ്പോകുമെന്നും കാമുകിയോട് പറയും. അതിനായി കാമുകിയുടെ കയ്യിൽ നിന്നും പണമോ സ്വർണമോ ആവശ്യപ്പെടും. തന്റെ ഓഫീസിലെ ജീവനക്കാരൻ വന്ന് പണം വാങ്ങും എന്ന് പറഞ്ഞ ശേഷം ഇയാൾ തന്നെ വന്ന് സ്വർണം വാങ്ങി പോകുകയായിരുന്നു പതിവ്.
ഇങ്ങനെ സ്വർണം നഷ്ടമായ യുവതി നൽകിയ പരാതിയിലാണ് ഇപ്പോൾ സനിത് പിടിയിലായത്. 18 പവൻ സ്വർണമാണ് ഈ യുവതിയിൽ നിന്നും ഇയാൾ തട്ടിയെടുത്തത്. ജോലി അന്വേഷിച്ച് അപേക്ഷ അയക്കുന്ന വീട്ടമ്മമാരെ ഇയാൾ ലൈംഗിക ചൂഷണത്തിനാണ് ഉപയോഗിച്ചിരുന്നത്. സാമ്പത്തിക പരാധീനയുള്ള വീട്ടമ്മമാർ എന്ന് തോന്നുന്നവരെയാണ് ഇയാൾ ഇത്തരത്തിൽ ഉപയോഗിച്ചിരുന്നത്. വീട്ടമ്മമാരുടെ അപേക്ഷയുടെ അടിസ്ഥാനത്തിൽ ഇയാൾ അവരെ ഫോണിൽ ബന്ധപ്പെടും.
പിന്നീട് അവരുമായി മാനസിക അടുപ്പം സൃഷ്ടിച്ച ശേഷം സ്വകാര്യ ജീവിതത്തെ കുറിച്ച് ചോദിച്ചറിയും. ജോലി ഉറപ്പാണെന്നും അപേക്ഷ പ്രോസസ് ചെയ്തുകൊണ്ടിരിക്കുകയാണെന്നും ഇവരെ വിശ്വസിപ്പിക്കും. പിന്നീട് ഇവരെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുകയുമാണ് ഇയാളുടെ പതിവ്. ജോലി അത്യാവശ്യമുള്ള പാവപ്പെട്ട പെൺകുട്ടികളെ ഇയാൾ മാറ്റൊരു രീതിയിലായിരുന്നു ഉപയോഗിച്ചിരുന്നത്.
ഇവരുടെ പേരിൽ ഇവർ പോലും അറിയാതെ എടുക്കുന്ന സിം കാർഡുകൾ ഉപയോഗിച്ചായിരുന്നു ഇയാൾ തട്ടിപ്പുകൾ നടത്തിയിരുന്നത്. ഇത്തരം യുവതികളെ വിളിക്കുകയും ജോലിക്ക് സെലക്ട് ചെയ്തു എന്ന് അറിയിക്കുകയും ചെയ്യും. അതിന് ശേഷം അവരുടെ സർട്ടിഫിക്കറ്റുകളും ആധാറും ബാങ്ക് അക്കൗണ്ട് ഡീറ്റയിൽസും അയക്കാൻ ആവശ്യപ്പെടും. പിന്നീട് ബയോമെട്രിക് ഡീറ്റയിൽസ് കളക്ട് ചെയ്യുന്നതിന് പിറ്റേദിവസം ഓഫീസിൽ എത്തണം എന്നും പറയും.
പിറ്റേന്ന് രാവിലെ യുവതിയെ വിളിച്ച് ഓഫീസിലെ നെറ്റ് വർക്ക് കണക്ഷൻ സ്ലോയാണെന്നും പകരം മറ്റൊരു സ്ഥലത്തായിരിക്കും ബയോമെട്രിക് എടുക്കുക എന്നും അറിയിക്കും. ഇതിനായി തന്റെ ഓഫീസിലെ ഒരു ജീവനക്കാരൻ എത്തും എന്നും പറയും. നഗരത്തിലെ ഏറ്റവും വലിയ മൊബൈൽ ഷോപ്പുകൾക്ക് സമീപം എത്താനാകും ഇയാൾ അറിയിക്കുക. പെൺകുട്ടി എത്തുംമുമ്പ് തന്നെ ഇവിടെയെത്തുന്ന സനിത്, തന്റെ സഹോദരിക്ക് ഒരു പുതിയ സിം കാർഡ് വേണമെന്നും സഹോദരിക്ക് എസി അലർജിയുള്ളതിനാൽ ബയോമെട്രിക് പഞ്ചിംഗ് മെഷിൻ ഷോപ്പിന് പുറത്തേക്ക് എത്തിച്ച് എടുക്കണമെന്നും പറയും. നേരത്തേ കൈക്കലാക്കിയിരുന്ന രേഖകൾ നൽകിയ ശേഷം യുവതി വരാൻ കാത്തു നിൽക്കും. യുവതി എത്തിയാലുടൻ ഷോപ്പിലെ ബയോമെട്രിക് മെഷിനിൽ കയ്യമർത്തിച്ച് പറഞ്ഞുവിടും.
ഇത്തരം സിം കാർഡുകളാണ് ഇയാൾ തട്ടിപ്പിനായി ഉപയോഗിച്ചിരുന്നത്. ഇന്നലെയാണ് തിരുവനന്തപുരം സൈബർ പൊലീസ് സനിത് കുമാറിനെ അറസ്റ്റ് ചെയ്തത്. രണ്ട് വർഷത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇയാൾ പിടിയിലാകുന്നത്. ഇൻസ്പെക്ടർ സിജു കെ എൽ നായർ, എഎസ്ഐമാരായ ഷിബു, സുനിൽകുമാർ, സിപിഒ സുബീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.