കൊച്ചി: മുട്ടില്‍ മരംമുറി കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സഹോദരങ്ങളായ റോജി അഗസ്റ്റിന്, ആന്റോ അഗസ്റ്റിന്, ജോസ്കുട്ടി അഗസ്റ്റിന് എന്നിവരുടെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. സംഭവത്തില്‍ മൂന്ന് പേരും കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി വിധി. ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. ജാമ്യാപേക്ഷയില്‍ കഴിഞ്ഞയാഴ്ച വാദം പൂര്‍ത്തിയാക്കിയ ശേഷമാണ് ഹൈക്കോടതി ഇന്ന് വിധി പറഞ്ഞത്.
മീനങ്ങാടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇവരുടെ ജാമ്യാപേക്ഷ കോടതി തള്ളിയത്. അഗസ്റ്റിന് സഹോദരന്മാര്ക്കെതിരെ കണ്ടെത്തിയ തെളിവുകള്‍ അതീവ ഗൗരവമുള്ളതാണ്. ഇവര്‍ക്ക് ജാമ്യം കിട്ടി പുറത്തിറങ്ങിയാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും അത് അന്വേഷണത്തെ ബാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
പകപ്പോക്കലിന്റെ ഭാഗമായാണ് തങ്ങളെ കേസില്‍ അറസ്റ്റ് ചെയ്തതെന്നായിരുന്നു പ്രതികളുടെ വാദം. രേഖകളും മുറിച്ചുകടത്തിയ തടികളും പിടിച്ചെടുത്തിട്ടുള്ളതിനാല്‍ വീണ്ടും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതില്ലെന്നും ജാമ്യം അനുദിക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു.