തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ബാറുകള്‍ തുറക്കില്ല. തിരുവോണ ദിനമായതിനാലാണ് തീരുമാനം. ബെവ്കോ ഔട്ട്ലെറ്റുകള്‍ തിരുവോണ ദിനത്തില്‍ തുറക്കേണ്ടെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഇന്ന് സംസ്ഥാനത്ത് മദ്യശാലകള്‍ പ്രവര്‍ത്തിക്കില്ലെന്ന് ഉറപ്പായി.
ബെവ്കോ ഔട്ട്ലറ്റുകള്‍ തുറക്കാത്ത സാഹചര്യത്തില്‍ ബാറുകളില്‍ അനിയന്ത്രിതമായ തിരക്കുണ്ടാവാനും അതുവഴി കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കാനുമുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ബാറുകളും തുറക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കുകയായിരുന്നു.
ഓണത്തിരക്ക് പ്രമാണിച്ച് മദ്യശാലകളുടെ പ്രവര്‍ത്തന സമയം നേരത്തെ കൂട്ടിയിരുന്നു. രാവിലെ ഒമ്ബത് മണി മുതല്‍ വൈകിട്ട് എട്ട് മണി വരെ തുറക്കാനായിരുന്നു എക്സൈസ് കമ്മീഷണര്‍ നേരത്തെ ഉത്തരവിട്ടത്. ഓണത്തോടനുബന്ധിച്ച് തിരക്ക് നിയന്ത്രിക്കാനാണെന്നാണ് ഇതിന് സര്‍ക്കാര്‍ വിശദീകരണം.
സമയം നീട്ടി നല്‍കണമെന്ന ബെവ്കോ എംഡിയുടെ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഉത്തരവ്. നേരത്തേ ഏഴ് മണിവരെയായിരുന്നു മദ്യശാലകള്‍ തുറന്നിരുന്നത്. തിരുവോണത്തോടെ ഓണത്തിരക്ക് അവസാനിക്കുമെന്ന പശ്ചാത്തലത്തില്‍ പ്രവര്‍ത്തന സമയം നീട്ടിയ തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കുമോയെന്ന് വ്യക്തമല്ല.