ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സിന് അടിയന്തര സ്‌റ്റേയില്ലെന്ന് കേരള ഹൈക്കോടതി. പൊതുപ്രവര്‍ത്തകനായ ആര്‍.എസ്. ശശിധരന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. അത് വിശദമായ വാദം കേള്‍ക്കാനായി മാറ്റുകയും ചെയ്തിട്ടുണ്ട്. ഓര്‍ഡിനന്‍സുമായി മുന്നോട്ട് പോകുന്നതിന് തല്‍ക്കാലത്തേയ്ക്ക് സര്‍ക്കാരിന് തടസമില്ല. എന്നാല്‍ ലോകായുക്ത റിപ്പോര്‍ട്ടിന്‍മേല്‍ സര്‍ക്കാരെടുക്കുന്ന നടപടികള്‍ കോടതിയുടെ അന്തിമ തീര്‍പ്പിന് വിധേയമായിരിക്കും എന്നുള്ള പരാമര്‍ശം കൂടി കോടതി നടത്തിയിട്ടുണ്ട്.
ഓര്‍ഡിനന്‍സ് ഭരണഘടനാ വിദുദ്ധമാണെന്നായിരുന്നു കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ പ്രധാന ആരോപണം. മുഖ്യമന്ത്രിയ്‌ക്കെതിരായ കേസ് അട്ടിമറിക്കാന്‍ ലക്ഷ്യമിട്ടാണ് ഓര്‍ഡിനന്‍സെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചിരുന്നു. പുതിയ ഭേദഗതി ജുഡിഷ്യല്‍ സംവിധാനത്തെ തകര്‍ക്കുമെന്നും പൊതുപ്രവര്‍ത്തകര്‍ക്ക് അഴിമതി നടത്താന്‍ വഴിയൊരുക്കുമെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഇതുമായി ബന്ധപ്പെട്ട് തൊട്ടടുത്ത ദിവസം തന്നെ വിശദമായ വാദം കേള്‍ക്കാനാണ് സാദ്ധ്യത. സര്‍ക്കാരില്‍ നിന്നുള്ള മറുപടി കൂടി ലഭിക്കാനുണ്ട്. വിശദമായ വാദപ്രതിവാദങ്ങള്‍ക്ക് ശേഷമായിരിക്കും അന്തിമവിധി പറയുക. രാഷ്ട്രപതിയുടെ അനുമതി ഇല്ലാതെ ഭേദഗതി ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.
ദുരിതാശ്വാസ ഫണ്ട് വിനിയോഗത്തില്‍ ക്രമക്കേട് ആരോപിച്ച് മുഖ്യമന്ത്രിക്ക് എതിരെ ലോകായുക്തയില്‍ പരാതി നല്‍കിയ വ്യക്തിയാണ് ഹര്‍ജിക്കാരന്‍. നേരത്തെ, ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പിനെ ഭേദഗതി ചെയ്യുന്നതിനുള്ള ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ അംഗീകാരം നല്‍കിയിരുന്നു. ഇതോടെ ഓര്‍ഡിനന്‍സ് നിലവില്‍ വന്നു. ഭരണകക്ഷിയില്‍ ഉള്‍പ്പെട്ട സിപിഐയുടേയും പ്രതിപക്ഷത്തിന്റേയും ബിജെപിയുടേയും എതിര്‍ വാദങ്ങളേയും ഒപ്പിടരുതെന്ന ആവശ്യത്തേയും തള്ളിയായിരുന്നു ഗവര്‍ണറുടെ തീരുമാനം.