ബാബുവിനെതിരേ കേസെടുക്കാനുള്ള വനംവകുപ്പ് നീക്കം തടഞ്ഞ് വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ

February 10, 2022
140
Views

പാലക്കാട്: ചെറാട് കൂർമ്പാച്ചി മലയിടുക്കിൽ കുടുങ്ങിയ ബാബുവിനെതിരേ കേസെടുക്കാനുള്ള വനംവകുപ്പ് നീക്കം തടഞ്ഞ് വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ. നടപടി പാടില്ലെന്ന് മുഖ്യവനപാലകന് എ.കെ.ശശീന്ദ്രൻ നിർദേശം നൽകി. മുഖ്യമന്ത്രി പിണറായി വിജയനുമായും വനംവകുപ്പ് ഉദ്യോഗസ്ഥരുമായും സാഹചര്യം ചർച്ച ചെയ്യും. നടപടി നിർത്തിവെയ്ക്കാൻ നിർദേശം നൽകിയെന്നും മന്ത്രി പറഞ്ഞു.

വിഷയത്തിൽ നിയമപ്രശ്നമുണ്ടെന്നാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഈ നിയമപ്രശ്നം നിലനിൽക്കുമ്പോഴും ഇപ്പോഴത്തെ സാഹചര്യത്തിൽ ഇത്തരത്തിൽ ഒരു നടപടിയിലേക്ക് പോകുന്നത് ഉചിതമാണോ എന്ന പ്രശ്നമാണ് സമൂഹത്തിൽ നിന്ന് ഉയർന്നുവരിക. അതുകൊണ്ട് തന്നെ ഈ സാഹചര്യം വിലയിരുത്തേണ്ടതുണ്ടെന്നു മന്ത്രി ശശീന്ദ്രൻ പറഞ്ഞു.

മുഖ്യമന്ത്രിയുമായി ഇക്കാര്യം സംസാരിക്കും. ഗവൺമെന്റിന് ബാബുവിനോടും കുടുംബത്തോടുമാണ് അനുഭാവമുള്ളത്. ആ അനുഭാവം തന്നെയാണ് മുഖ്യമന്ത്രിക്കുള്ളതെന്നാണ് മനസിലാക്കുന്നത്. അതുമനസിൽ വെച്ചുകൊണ്ട് പരിഹാരം കാണാനാണ് ശ്രമിക്കുന്നത്. ബാബുവിന് എതിരായ ഒരു നീക്കം ഇപ്പോൾ സമൂഹം അംഗീകരിക്കില്ല. അതു നമ്മൾ മനസിലാക്കേണ്ടതുണ്ട്.

വനംവകുപ്പ് പ്രിൻസിപ്പൾ സെക്രട്ടറി, വനംവകുപ്പ് മേധാവി, വന്യജീവി ചീഫ് വാർഡൻ എന്നിവരുമായി വിഷയത്തിൽ ചർച്ച നടത്തി സാഹചര്യങ്ങൾ വിലയിരുത്തും. വ്യവസ്ഥകൾ പാലിച്ചുകൊണ്ടല്ല അവർ വനത്തിലേക്ക് പോയതെന്നാണ് പ്രാഥമികമായി ലഭിച്ച വിവരം. എന്നാൽ, നിയമപരമായ വഴി മാത്രം സ്വീകരിക്കുന്നത് എല്ലാ ഘട്ടത്തിലും ഉചിതമാകില്ലെന്നും ശശീന്ദ്രൻ പറഞ്ഞു.

നേരത്തെ, സംരക്ഷിത വനംമേഖലയിൽ അതിക്രമിച്ച് കയറിയതിനാണ് ബാബുവിനെതിരേ കേസെടുക്കാൻ വനം വകുപ്പ് തീരുമാനിച്ചത്. കേരള ഫോറസ്റ്റ് ആക്റ്റ് സെക്ഷൻ 27 പ്രകാരമാണ് വനംവകുപ്പ് ബാബുവിനെതിരേ കേസ് എടുക്കുൻ തീരുമാനിച്ചത്. ഒരു കൊല്ലം വരെ തടവോ പിഴയോ ലഭിക്കാവുന്ന കുറ്റമാണിത്. കേസ് എടുക്കുന്നതിന് മുന്നോടിയായി വാളയാർ സെക്ഷൻ ഓഫീസർ ബാബുവിനെ കണ്ട് മൊഴിയെടുക്കുമെന്നും വാർത്തകളുണ്ടായിരുന്നു.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *