ശക്തമായ മഴയില്‍ വൈദ്യുത ഉപഭോഗം കുറഞ്ഞു: സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഉണ്ടായേക്കില്ലെന്ന് റിപ്പോര്‍ട്ട്

October 15, 2021
269
Views

തിരുവനന്തപുരം : സംസ്ഥാനത്ത് പെയ്ത ശക്തമായ മഴകാരണം വൈദ്യുതി പ്രതിസന്ധിയ്ക്ക് അയവുവരുന്നതായി റിപ്പോര്‍ട്ട്. ഇതോടെ ഈ മാസം 19 ന് ശേഷം ലോഡ് ഷെഡിങ് വേണ്ടിവരില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി രാജ്യത്ത് കല്‍ക്കരി ക്ഷാമം രൂക്ഷമായതിനെത്തുടര്‍ന്ന് ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തിയിരുന്നു. കേരളത്തിലും ഇത്തരത്തില്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തേണ്ടി വരുമോ എന്ന ആശങ്കയും നിലനിന്നിരുന്നു. കല്‍ക്കരി ക്ഷാമം നീണ്ടു പോവുകയും വാങ്ങുന്ന വൈദ്യുതിയില്‍ പ്രതിദിനം 400 മെഗാവാട്ട് കുറവ് ഉണ്ടാകുകയും ചെയ്താല്‍ ഈ മാസം 19-ന് ശേഷം ലോഡ് ഷെഡിങ് ഏര്‍പ്പെടുത്താനായിരുന്നു നീക്കം. എന്നാല്‍, തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് ശക്തമായ മഴ ലഭിച്ചതോടെ സാഹചര്യം മാറുകയായിരുന്നു.

കാലാവസ്ഥ മാറി ചൂട് കുറഞ്ഞതോടെ ജനങ്ങളുടെ വൈദ്യുത ഉപഭോഗം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. പ്രതിസന്ധി ഉണ്ടായ ദിവസങ്ങളിലേത് പോലെ കരാര്‍പ്രകാരം ലഭിക്കേണ്ട 300 മെഗവാട്ട് വൈദ്യുതി ഇപ്പോഴും കുറവാണ് ലഭിച്ച്‌ കൊണ്ടിരിക്കുന്നത്. എന്നാല്‍ ഉപഭോഗം കുറഞ്ഞതിനാല്‍ പ്രതിദിനം ഈ 300 മെഗാവാട്ട് വൈദ്യുതിയുടെ ആവശ്യം വേണ്ടി വരുന്നില്ല. അതിനാല്‍ മിച്ചമുണ്ടായിരുന്ന 50 മെഗാവാട്ട് വൈദ്യുതി വൈദ്യുതി ബോര്‍ഡിന് പവര്‍ എക്സ്ചേഞ്ചില്‍ വില്‍ക്കാനും സാധിച്ചു. നിലവിലെ സ്ഥിതി ഈ മാസം 19ന് ശേഷവും തുടര്‍ന്നാല്‍ ലോഡ് ഷെഡിങ് വേണ്ടി വരില്ലെന്നാണ് കെഎസ്‌ഇബി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *