ന്യൂയോര്‍ക്ക്: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ആശങ്കയുയര്‍ത്തുന്നുണ്ടെങ്കിലും പരിഭ്രാന്തരാകേണ്ടതില്ലെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡന്‍. വാക്സിന്‍ സ്വീകരിക്കുന്നതിലൂടെയും മാസ്ക് ധരിക്കുന്നതിലൂടെയും രോഗബാധ നിയന്ത്രണവിധേയമാക്കാമെന്നും അതിനാല്‍ നിലവില്‍ ലോക്ക്‌ഡൗണിന്റെ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി കണ്ടെത്തിയ ഒമിക്രോണ്‍ വടക്കേ അമേരിക്കയിലും സ്ഥിരീകരിച്ചതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു ജോ ബൈഡന്‍. ഈ പശ്ചാത്തലത്തില്‍ ഉന്നത ആരോഗ്യ ഉദ്യോഗസ്ഥര്‍ വാക്സിന്‍ നിര്‍മാതാക്കളുമായി കൂടിയാലോചനകള്‍ നടത്തുകയാണെന്നും അദ്ദേഹം അറിയിച്ചു. ദക്ഷിണാഫ്രിക്കയ്ക്കും മറ്റ് ഏഴ് രാജ്യങ്ങള്‍ക്കും യു എസ് ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് കഴിഞ്ഞ തിങ്കളാഴ്ച്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. ആളുകള്‍ക്ക് വാക്സിനേഷനുള്ള സമയം അനുവദിക്കുന്നതിനായാണ് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ നിലവില്‍ ഒമിക്രോണ്‍ യു എസില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ഇതിനോടകം തന്നെ രാജ്യത്ത് വൈറസ് സാന്നിധ്യം ഉണ്ടാകാമെന്ന് യു എസ് മുഖ്യ ആരോഗ്യ ഉപദേഷ്ടാവ് ഡോ.ആന്റണി ഫൗസി അറിയിച്ചു.
ഇന്ത്യയില്‍ ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ യാത്രാ നിയന്ത്രണങ്ങളും കര്‍ശന പരിശോധനകളും തുടരുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഒമിക്രോണിനെതിരെ ഏവരും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നറിയിപ്പ് നല്‍കി.