കൊച്ചിയില്‍ ലൈസന്‍സില്ലാത്ത തോക്കുകള്‍ പിടിച്ചെടുത്തു; എത്തിച്ചത് കാശ്മീരില്‍ നിന്നും

September 6, 2021
175
Views

കൊച്ചി: കാശ്മീരില്‍ നിന്നും കൊച്ചിയില്‍ എത്തിച്ച ലൈസന്‍സില്ലാത്ത തോക്കുകള്‍ പോലീസ് പിടികൂടി. എ.ടി.എമ്മില്‍ പണം നിറക്കുന്നതിന് സുരക്ഷ നല്‍കുന്നവരുടെ 18 തോക്കുകളാണ് കൊച്ചി പോലീസ് പിടികൂടിയത്. മുംബൈയിലെ സ്വകാര്യ ഏജന്‍സികളുടെ സുരക്ഷാ ജീവക്കാരില്‍ നിന്നാണ് തോക്കുകള്‍ കണ്ടെടുത്തത്.

ലൈസന്‍സ് ഇല്ലാത്ത തോക്കുകള്‍ കൈവശം വെച്ചിരിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് തോക്കുകള്‍ കസ്റ്റഡിയിലെടുത്തത്. ഈ തോക്കുകള്‍ കശ്മീരില്‍ നിന്നാണ് കൊണ്ടു വന്നതെന്ന് പോലീസ് വ്യക്തമാക്കി.

സ്വകാര്യ സുരക്ഷാ ഏജന്‍സി ജീവനക്കാരുടെ കൈവശമുള്ള തോക്കുകളുടെ ലൈസന്‍സ് പരിശോധിക്കുമെന്ന് കേരളാ പോലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തെ ആയുധ ധാരികളായ ഇതര സംസ്ഥാന സുരക്ഷാ ജീവനക്കാരുടെ തോക്കുകളെ സംബന്ധിച്ച്‌ ജന്മഭൂമി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ആഭ്യന്തര വകുപ്പിന്റെ നടപടി.

സ്വകാര്യ സുരക്ഷാ ഏജന്‍സികള്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥരുടെ കൈവശമുളള ആയുധങ്ങള്‍ പോലീസ് പരിശോധിച്ച്‌ അവയുടെ ലൈസന്‍സ് വ്യാജമല്ലെന്ന് ഉറപ്പാക്കുമെന്ന് പോലീസ് മീഡിയാ സെന്റര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് മതിയായ രേഖകളില്ലാത്ത തോക്കുകളുമായി എത്തുന്നവരെ ധനകാര്യ സ്ഥാപനങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥരായി നിയമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.

സംസ്ഥാനത്ത് ആകമാനമുളള ഇത്തരം സുരക്ഷാ ഉദ്യോഗസ്ഥരുടെ തോക്കുകളുടെ ലൈസന്‍സ് പരിശോധിക്കാനായി പ്രത്യേക പരിശോധന നടത്തും. വ്യാജമാണെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആഭ്യന്തര വകുപ്പ് കുറിപ്പില്‍ പറയുന്നു.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *