ചരിത്രത്തില്‍ ആദ്യമായി ഒരു വിദേശ വിദ്യാര്‍ത്ഥി കേരളത്തില്‍ പഠിക്കാന്‍ എത്തുന്നു.
തിരുവനന്തപുരം: ചരിത്രത്തില്‍ ആദ്യമായി ഒരു വിദേശ വിദ്യാര്‍ത്ഥി കേരളത്തില്‍ പഠിക്കാന്‍ എത്തുന്നു.
ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികള്‍ പഠിക്കുന്ന കോട്ടന്‍ഹില്‍ സ്‌കൂളിലാണ് വിദ്യാര്‍ത്ഥി എത്തുന്നത്. റഷ്യയില്‍ നിന്നുള്ള ഓര്‍ഗയാണ് കേരള സിലബസ് പഠിയ്‌ക്കാന്‍ തലസ്ഥാനത്ത് എത്തുന്നത്. നാല് വര്‍ഷത്തോളമായി കുട്ടിയുടെ കുടുംബം തിരുവനന്തപുരത്താണ് താമസിക്കുന്നത്. ടെക്‌നോപാര്‍ക്കില്‍ ട്രാന്‍സ്ലേറ്ററായി ജോലി നോക്കുകയാണ് കുട്ടിയുടെ മാതാവ്.
ഒന്‍പതാം ക്ലാസ്സിലേയ്‌ക്കാണ് കുട്ടി പ്രവേശനം നേടുന്നത്. തിരുവനന്തപുരത്ത് താമസമായതിന് ശേഷം ഓണ്‍ലൈനായി റഷ്യന്‍ സിലബസ് പഠിക്കുമായിരുന്നു. പിന്നീട് വര്‍ക്കലയിലുള്ള ഒരു സ്വകാര്യ സ്‌കൂളില്‍ പ്രവേശനം നേടി. അവിടെ നിന്നാണ് ഓര്‍ഗ മലയാളം പഠിച്ചത്. കേരളത്തില്‍ സ്ഥിര താമസമാക്കാന്‍ തീരുമാനിച്ചതോടെയാണ് ഓര്‍ഗയെ കേരള സിലബസ് പഠിപ്പിയ്‌ക്കാന്‍ തീരുമാനിച്ചത്.
വലിയ സൗകര്യങ്ങളല്ല തങ്ങള്‍ നോക്കുന്നത്. മകള്‍ക്ക് നല്ലൊരു സ്‌കൂള്‍ അന്തരീക്ഷം നല്‍കാനാണ് ശ്രമിക്കുന്നത്. സമൂഹത്തിലെ എല്ലാ തട്ടിലെയും കുട്ടികള്‍ ഒരുമിച്ച് പഠിക്കുന്ന ഒരു സ്‌കൂള്‍ ആയിരിക്കും തങ്ങളുടെ മകളുടെ പഠനത്തിനും പാഠ്യേതര മികവിനും അനുയോജ്യമാകുന്നതെന്നും മാതാപിതാക്കള്‍ പറയുന്നു.
ഇംഗ്ലിഷ് മീഡിയത്തിലാണ് കുട്ടി പ്രവേശനം നേടിയിരിക്കുന്നത്. സ്‌പെഷ്യല്‍ ഇംഗ്ലിഷ്, ജനറല്‍ നോളജ് എന്നിവ ഓപ്ഷണല്‍ വിഷയമായി പഠിക്കാന്‍ അവസരമുണ്ട്. എന്നാല്‍ പത്താം ക്ലാസ്സ് പൊതുപരീക്ഷയ്‌ക്ക് മലയാളമുള്‍പ്പെടെയുള്ള ഒന്നാം ഭാഷയും ഹിന്ദിയും പഠിക്കേണ്ടി വരും. കുറച്ച് ബുദ്ധിമുട്ടാണെങ്കിലും ഈ വിഷയങ്ങളും പഠിച്ചെടുക്കണം എന്ന വാശിയിലാണ് ഓള്‍ഗ.