ന്യൂ ഡെൽഹി: ദക്ഷിണ ആഫ്രിക്കയിൽ കണ്ടെത്തിയ കൊറോണയുടെ പുതിയ വകഭേദം ഒമിക്രോൺ ആശങ്കയായി തുടരുന്ന പശ്ചാത്തലത്തിൽ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാവിലെ 10.30-ന് ചേരുന്ന യോഗത്തിൽ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കും. രാജ്യത്തെ കൊറോണ സ്ഥിതിഗതികളും വാക്സിനേഷൻ പുരോഗതിയും ചർച്ചയാകും.
കൊറോണയുടെ രണ്ടാം തരംഗത്തിൽ ഇന്ത്യയിൽ നാശം വിതച്ച ഡെൽറ്റ വകഭേദത്തേക്കാൾ അപകടകാരിയാണ് ഒമിക്രോൺ എന്നാണ് ലോകാരോഗ്യ സംഘടനയുടേയടക്കം മുന്നറിയിപ്പ്.
ഒമിക്രോൺ വ്യാപിച്ച ദക്ഷിണാഫ്രിക്കയിൽ നിന്നും മറ്റു ഏഴ് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുമുള്ള യാത്രയ്ക്ക് യുഎസ് അടക്കം ഇതിനോടകം വിലക്കേർപ്പെടുത്തിയിട്ടുണ്ട്. യൂറോപ്യൻ യൂണിയൻ, യുകെ, കാനഡ തുടങ്ങിയ രാജ്യങ്ങളും യാത്ര നിയന്ത്രണമേർപ്പെടുത്തി.
ഒമിക്രോൺ വകഭേദത്തിന്റെ തീവ്രത ആശങ്കപ്പെടുത്തുന്നതാണെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ഈ മാസം 24-നാണ് ദക്ഷിണാഫ്രിക്കയിൽ ആദ്യമായി ഈ വകഭേദത്തെ തിരിച്ചറിഞ്ഞത്. ബോട്സ്വാന, ബെൽജിയം, ഹോങ്കോങ്, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളിലും പുതിയ വകേഭദം കണ്ടെത്തിയിട്ടുണ്ട്.