മുഖ്യമന്ത്രി എന്ന നിലയിൽ മാത്രമല്ല, പിതാവിനെ പോലെ സംരക്ഷിക്കും; സ്ത്രീകളോട് സ്റ്റാലിന്‍

November 27, 2021
122
Views

ചെന്നൈ: ലൈംഗിക അതിക്രമണങ്ങള്‍ക്ക് ഇരയാകുന്നവര്‍ പരാതിയുമായി ശക്തമായി മുന്നോട്ടുപോകണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. സ്ത്രീകളില്‍ നിന്നും കുട്ടികളില്‍ നിന്നും ലഭിക്കുന്ന ലൈംഗികാതിക്രമണ പരാതികളില്‍ നടപടി എടുക്കാന്‍ വൈകരുതെന്ന് സ്റ്റാലിന്‍ സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

മുഖ്യമന്ത്രി എന്ന നിലയിൽ മാത്രമല്ല, ഒരു പിതാവ് എന്ന നിലയിലും നിങ്ങളെ എല്ലാവരെയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം തനിക്കുണ്ടെന്നും സ്റ്റാലില്‍ പറഞ്ഞു. സ്ത്രീകള്‍ക്കതിരായ അതിക്രമങ്ങള്‍ ഇല്ലാതാക്കുന്നത് സംബന്ധിച്ച് ഒരു ടെലിവിഷന്‍ ചാനല്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സ്റ്റാലിന്‍.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലി സ്ഥലങ്ങളിലും സ്ത്രീകളുടെയും പെണ്‍കുട്ടികളുടേയും സുരക്ഷയ്ക്ക് സര്‍ക്കാര്‍ വളരെയധികം പ്രാധാന്യം നല്‍കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് നിലിവുള്ള പതിനാറ് കോടതികള്‍ക്കു പുറമേ പോക്സോ കേസുകള്‍ കൈകാര്യം ചെയ്യാനായി നാല് കോടതികള്‍ കൂടി സ്ഥാപിക്കുമെന്നും എം കെ സ്റ്റാലിന്‍ വ്യക്തമാക്കി.

കുട്ടികള്‍ക്കും സ്ത്രീ ജീവനക്കാര്‍ക്കുമെതിരായ ലൈംഗികാതിക്രമണങ്ങളും ഇതു സംബന്ധിച്ച പരാതികളും മറച്ചുവയ്ക്കരുതെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്കും സ്റ്റാലിന്‍ നിര്‍ദ്ദേശം നല്‍കി. അടുത്ത അധ്യയന വര്‍ഷം മുതല്‍‌ എല്ലാ പാഠപുസ്തകങ്ങളിലും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ട്രോള്‍ ഫ്രീ നമ്പര്‍ ഉള്‍പ്പെടുത്തുമെന്നും സ്റ്റാലിന്‍ പറഞ്ഞു.

ലൈംഗികാതിക്രമണത്തിന് ഇരയാകുന്നവര്‍ ജീവനൊടുക്കരുത്, കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പോരാടണം. സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കും. സ്ത്രീകള്‍ക്കെതിരായ എല്ലാ കുറ്റകൃത്യങ്ങളും പുറത്തുവരുന്നില്ല. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾക്കെതിരെയുള്ള നടപടികള്‍ക്ക് മറ്റെല്ലാ വിഷയങ്ങളേക്കാളും സർക്കാര്‍ പ്രധാന്യം നല്‍കുന്നുണ്ട്.

കുറ്റവാളികളെ അവരുടെ പദവി പരിഗണിക്കാതെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സർക്കാർ മടിക്കില്ല. സ്‌കൂളുകളും കോളേജുകളും പെൺകുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും സ്റ്റാലിൻ പറഞ്ഞു. മാതാപിതാക്കൾ കുട്ടികളോട് സംസാരിക്കണം, അവര്‍ക്ക് വീടുകളിൽ ഒറ്റപ്പെട്ട ജീവിതം ഉണ്ടാവരുത്. നിങ്ങളുടെ സംരക്ഷണം ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം ഞങ്ങൾക്കുണ്ട്. മുഖ്യമന്ത്രി എന്ന നിലയിൽ മാത്രമല്ല, ഒരു പിതാവ് എന്ന നിലയിലും നിങ്ങളെ എല്ലാവരെയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്ത്വം തനിക്കുണ്ടെന്നും സ്റ്റാലിന്‍ പറഞ്ഞു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *