ലോക പൈതൃക സൈറ്റുകളിൽ ഒന്നാണ് : 15 ദശലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച ശവകുടിരം

January 24, 2022
172
Views

ഇന്ത്യയിലെ മുഗൾ വാസ്തുവിദ്യയുടെ ഉത്തമ ഉദാഹരണമാണ് ദില്ലിയിലെ ഹുമയൂണിന്റെ ശവകുടീരം. വിദേശ സഞ്ചാരികൾ ഉൾപ്പെടെ പ്രതിവർഷം ദശലക്ഷക്കണക്കിന് സഞ്ചാരികൾ സന്ദർശിക്കുന്ന ഇന്ത്യയിലെ പ്രസിദ്ധമായ വിനോദ സഞ്ചാര കേന്ദ്രം കൂടിയാണിത്. പതിനാറാം നൂറ്റാണ്ടിലാണ് ഈ ചരിത്രസ്മാരകം പണികഴിപ്പിച്ചത്. മുഗൾ ചക്രവർത്തിയായിരുന്ന ഹുമയൂണിന്റെ ശവകുടീരമാണിത്. ഹമീദ ഭാനു ബീഗത്തിന്റെ നിർദ്ദേശപ്രകാരമാണ് ഇങ്ങനെയൊരു ശവകുടീരം പണികഴിപ്പിച്ചത്. താജ്മഹലിന്റെ വാസ്തുവിദ്യയുമായി ഇതിന് സാമ്യമുണ്ട്. താജ്മഹലിന്റെ കഥ ലോകമെമ്പാടും പ്രസിദ്ധമാണെങ്കിലും ഹുമയൂൺ ശവകുടീരത്തിന്റെ പിന്നിലെ കഥകൾ പലർക്കും അറിയില്ല എന്നതാണ് സത്യം.ഡൽഹിയിൽ നിർമ്മിച്ച ഈ ശവകുടീരത്തിന് 452 വർഷത്തെ പഴക്കമുണ്ട്. ചെങ്കൽ പൊടിയും സിമന്റ് പ്ലാസ്റ്ററും ഉപയോഗിച്ചാണ് ഈ ശവകുടീരം നിർമ്മിച്ചിരിക്കുന്നത്. ഹുമയൂൺ ശവകുടീരത്തിനകത്ത് 100 ശവകുടീരങ്ങളാണ് ഉള്ളത്. അതുകൊണ്ട് തന്നെ മുഗളിന്റെ ഡോർമിറ്ററി എന്നാണ് ഇതറിയപെടുന്നത്. ഈ ശവകുടീരത്തിന് മേൽ കൊത്തിവെച്ചിരിക്കുന്ന ആളുകളുടെ പേരുകൾ കണ്ടെത്താൻ പ്രയാസമാണ്. ഹുമയൂണിനെ കൂടാതെ മുഗൾ വംശത്തിലെ പതിനാറ് പേരുടെ ശവകുടീരങ്ങളാണ് ഇവിടെ ഉള്ളത്.

ഇന്ത്യയിലെ ആദ്യത്തെ പൂന്തോട്ടത്തോടെ നിർമ്മിച്ച ശവകുടീരമെന്ന പ്രത്യേകതയും ഇതിനുണ്ട്. അതിമനോഹരമായാണ് പൂന്തോട്ടം പണികഴിപ്പിച്ചിരിക്കുന്നത്. പേർഷ്യൻ വാസ്തുവിദ്യയിൽ പണികഴിപ്പിച്ച ഈ വിസ്മയ കാഴ്ച തേടി വിദേശികൾ അടക്കം നിരവധി സഞ്ചാരികൾ ഇങ്ങോട്ടേക്ക് എത്താറുണ്ട്. ഹുമയൂൺ ചക്രവർത്തിയുടെ മരണശേഷം ഭാര്യ ഹമീദ ബാനു ബീഗം പേർഷ്യൻ വാസ്തുശില്പികളെ വിളിച്ച് ഭർത്താവിന്റെ ഓർമയ്ക്കായി മനോഹരമായ എന്തെങ്കിലും സൃഷ്ടിക്കാൻ ആവശ്യപ്പെട്ടു. മകൻ അക്ബറിനെ ഇതിന്റെ ഉത്തവാദിത്വം ഏൽപ്പിക്കുകയും ചെയ്തു. പിന്നീട് പിറവി കൊണ്ട് ഇന്ത്യയുടെ ചരിത്രത്തിന്റെ തന്നെ അടയാളമായ സ്മാരകത്തിനാണ്.ഹുമയൂൺ ശവകുടീരത്തിൽ ഇന്റീരിയർ മുഗൾ വാസ്തുവിദ്യ കൊണ്ട് സമ്പന്നമാണ്. മനോഹരമായ പരവതാനിയും ഷാമിയാനയും ഗംഭീരവും രാജകീയയുമായ രൂപം നൽകുന്നു. ഇവിടെ ഹുമയൂണിന്റെ വാൾ, ഷൂസ്, തലപ്പാവ് തുടങ്ങിയവ സൂക്ഷിച്ച് വെച്ചിട്ടുണ്ട്. ഹുമയൂൺ ശവകുടീരത്തിന് മുകളിലുള്ള താഴികക്കുടം 42.5 മീറ്റർ ഉയരത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഹുമയൂൺ ശവകുടീരത്തിന്റെ രൂപകൽപ്പനയും വാസ്തുവിദ്യയും ഒരിക്കലെങ്കിലും കാണേണ്ട ഒന്നാണ്.

എട്ട് വർഷം കൊണ്ടാണ് ഈ സ്മാരകത്തിന്റെ പണിപൂർത്തിയായത്. ഏകദേശം 15 ദശലക്ഷം രൂപ ഇതിന്റെ നിർമ്മാണത്തിനായി ചെലവഴിച്ചു. പേർഷ്യൻ വാസ്തുശില്പിയായ മിറക് മിർസ ഗിയാത്ത് ആണ് ഹുമയൂൺ ശവകുടീരം രൂപകൽപന ചെയ്തത്. മുഗൾ വാസ്തുവിദ്യയുടെ പ്രശസ്തി വാനോളം ഉയർത്താൻ ഈ സ്മാരകത്തിന് സാധിച്ചു എന്നുതന്നെ പറയാം. താജ്മഹൽ എന്ന അത്ഭുതത്തിന് പിന്നിൽ പ്രചോദനമായത് ഹുമയൂണിന്റെ ശവകുടീരമാണ്. ഹമീദ ബീഗം തന്റെ ഭർത്താവിന്റെ സ്മരണയ്ക്ക് പണികഴിപ്പിച്ചതാണ് ഹുമയൂൺ ശവകുടീരമെങ്കിൽ മുഗൾ ചക്രവർത്തി ഷാജഹാൻ തന്റെ ഭാര്യ മുംതാസിന്റെ ഓർമയ്ക്കായി പണികഴിപ്പിച്ചതാണ് താജ്മഹൽ.ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ പൈതൃക സാംസ്‌കാരിക സൈറ്റുകളിൽ ഒന്നാണ് ഹുമയൂൺ ശവകുടീരം. 1993 ൽ യുനെസ്‌കോ ഇതൊരു ലോക പൈതൃക സൈറ്റായി പ്രഖ്യാപിച്ചിരുന്നു.

Article Categories:
Travel

Leave a Reply

Your email address will not be published. Required fields are marked *