കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ പശ്ചാത്തലതുല്‍ വരുന്ന ഒരാഴ്ച നിര്‍ണ്ണായകമെന്നു ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. അതേസമയം, വ്യാപന ശേഷി കുറവും മരണനിരക്ക് കൂടുതലുമുള്ള ഈ വൈറസിനെ പിടിച്ചുകെട്ടാനുള്ള ആരോഗ്യവകുപ്പിന്റെ ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. നിപ്പ ബാധിച്ച മരിച്ച കുട്ടിയുടെ വീട് സ്ഥിതി ചെയ്യുന്ന ചാത്തമംഗലത്തിന്റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ കണ്ടൈന്‍മെന്റ് സോണാക്കിയിട്ടുണ്ട്.
നിപ്പ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് മരിച്ച കുട്ടിയുടെ റൂട്ട് മാപ്പ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിട്ടുണ്ട്. പ്രാഥമിക വിവരം അനുസരിച്ച് 188 പേരാണ് കുട്ടിയുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ടത്. ഇതില്‍ 20 പേര് ഹൈറിസ്ക് പട്ടികയിലുണ്ട്. അതേസമയം കുട്ടിയുടെ അമ്മയ്ക്ക് നേരിയ പനി അനുഭവപ്പെട്ടത് ജനങ്ങളുടെ ആശങ്ക വര്‍ദ്ധിപ്പിച്ചു. ഇവരെ സുരക്ഷിതമായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയതായാണ് വിവരം.
ഇത് കൂടാതെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെയും സ്വകാര്യ ആശുപത്രിയിലേയും രണ്ട് പേര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്.അസാധാരണമായി ആര്‍ക്കെങ്കിലും പനിയോ മറ്റ് അസുഖങ്ങളോ വന്നാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം. നിപ്പ പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രത്യേക ലാബ് സജ്ജീകരിക്കാനും തീരുമാനമായിട്ടുണ്ട്. നിപ്പ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് ഇവിടെ ട്രൂനാറ്റ് പരിശോധന നടത്തും. എന്‍ഐവി സംഘമാണ് ലാബ് സജ്ജീകരിക്കുക.