പൈല്‍സ് ചികിത്സയ്ക്ക് മാത്രമായി കൊച്ചിയില്‍ ഏഴുനില ആശുപത്രി, ശസ്ത്രക്രിയ നടത്തിയ ആശുപത്രി ഉടമ വ്യാജ ഡോക്ടര്‍

September 6, 2021
245
Views

കൊച്ചി: പൈല്‍സ് രോഗികളില്‍ ശസ്ത്രക്രിയ വരെ നടത്തിയ വ്യാജ ഡോക്ടറെ കസ്റ്റഡിയിലെടുക്കാന്‍ സിറ്റി പൊലീസ് നീക്കം ഊര്‍ജിതമാക്കി. ഇടപ്പള്ളി ബൈപ്പാസിലെ അല്‍ ഷിഫ ആശുപത്രി ഉടമ ഷാജഹാന്‍ യൂസഫിനെയാണ് പൊലീസ് തിരയുന്നത്. ഇയാളുടെ വ്യാജചികിത്സയ്ക്ക് ഇരയായി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലായവര്‍ നല്‍കിയ പരാതിയില്‍ എളമക്കര പൊലീസ് കേസെടുത്തിരുന്നു. 2017ല്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയ ശേഷം ഇയാള്‍ ഒളിവില്‍ പോയി.

പിടികൂടാന്‍ പിന്നെ പൊലീസും ശുഷ്‌കാന്തി കാട്ടിയില്ല. കഴിഞ്ഞ ദിവസം ഇയാളുടെ ജാമ്യഹര്‍ജി എറണാകുളം സെഷന്‍സ് കോടതി തള്ളിയതോടെയാണ് ഷാജഹാനെ അറസ്റ്റ് ചെയ്യാന്‍ സിറ്റി പൊലീസ് നീക്കം ആരംഭിച്ചത്.

ചാനലുകളിലും പത്രങ്ങളില്‍ വമ്ബന്‍ പരസ്യങ്ങള്‍ നല്‍കിയാണ് കേരളത്തിലെമ്ബാടുനിന്നും രോഗികളെ ആകര്‍ഷിച്ചിരുന്നത്. പൈല്‍സിന് മാത്രമായിരുന്നു ഏഴുനില ആഡംബര ആശുപത്രിയായ അല്‍ ഷിഫയില്‍ ചികിത്സ.

ഹോമിയോപ്പതി ഡോക്ടറാണെന്നായിരുന്നു ഇയാള്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലില്‍ (ഐ.എം.എ) അടക്കം നടത്തിയ അന്വേഷണത്തില്‍ ഷാജഹാന് മെഡിക്കല്‍ ബിരുദമോ രജിസ്‌ട്രേഷനോ ഇല്ലെന്ന് കണ്ടെത്തുകയായിരുന്നു.

നിരവധി കേസുകള്‍ ഷാജഹാനെതിരെ നിലവിലുണ്ട്. തിരുവിതാംകൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലില്‍ നിന്ന് രജിസ്‌ട്രേഷന്‍ നേടുന്നതിന് അദ്ദേഹം മറ്റൊരു ഡോക്ടറുടെ അംഗത്വം ഉപയോഗിക്കുകയും ആശുപത്രി നടത്തിപ്പിനായി ഉപയോഗിക്കുകയും ചെയ്തതായാണ് കണ്ടെത്തല്‍. ജനകീയ സമരത്തെ തുടര്‍ന്ന് 2017 ഒക്ടോബര്‍ 21ന് ആശുപത്രി അടച്ചുപൂട്ടുകയായിരുന്നു.

തൃശൂര്‍ സ്വദേശിനിയാണ് ചികിത്സപിഴവ് ചൂണ്ടിക്കാട്ടി ഷാജഹാനെതിരെ പരാതിയുമായി ആദ്യം രംഗത്ത് എത്തിയത്. ഇയാളുടെ ആശുപത്രിയില്‍ പൈല്‍സ് ചികിത്സയ്ക്കായി എത്തിയ ഇവര്‍ക്ക് ചികിത്സാ പിഴവ് മൂലം നഗരത്തിലെ മറ്റൊരു പ്രമുഖ ആശുപത്രിയില്‍ നിന്നും തൃശൂരിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും തുടര്‍ചികിത്സ തേടേണ്ടിവന്നു. ഈ ആശുപത്രികളിലെ ചികിത്സയ്ക്കിടെ പൈല്‍സിന് ചികിത്സ ചെയ്തിട്ടില്ലെന്ന് തിരിച്ചറിഞ്ഞു.

ചികിത്സയ്‌ക്കെന്ന പേരില്‍ വിദേശീയര്‍ക്ക് നിരവധി മെഡിക്കല്‍ വിസകള്‍ നല്‍കിയിട്ടുണ്ടെന്നും ഇതില്‍ സമഗ്ര അന്വേഷണം ആരംഭിച്ചതിന്റെ ഭാഗമായായാണ് ഷാജഹാനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചതെന്നുമാണ് സൂചന.

Article Categories:
Latest News

Leave a Reply

Your email address will not be published. Required fields are marked *