ഓണ്‍ലൈന്‍ ആപ്പ് വഴി തട്ടിയെടുത്തത് 25 കോടി ; യുവാവ് പിടിയില്‍

May 4, 2024
56
Views

ഓണ്‍ലൈന്‍ ആപ്പ് വഴി 25 കോടി രൂപ തട്ടിയ കേസിലെ മുഖ്യപ്രതിയും സൂത്രധാരനുമായ യുവാവ് പിടിയില്‍. മലപ്പുറം കാളികാവ് അമ്ബലക്കടവ് പാലയ്ക്കത്തൊടി വീട്ടില്‍ മുഹമ്മദ് ഫൈസലാണ് തൃശ്ശൂര്‍ സിറ്റി ജില്ല ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്.

വിവിധ ജില്ലകള്‍ കേന്ദ്രീകരിച്ച്‌ ‘മൈ ക്ലബ് ട്രേഡ്‌സ്’ എന്ന ഓണ്‍ലൈന്‍ ആപ്പ് വഴിയാണ് ഇയാള്‍ പണം തട്ടിയത്. എംസിടി ആപ്ലിക്കേഷന്‍ വഴി ലഭിച്ച ഡോളര്‍ എമെര്‍ കോയിനിലേക്ക് മാറ്റാന്‍ എറണാകുളത്തുള്ള ഫ്‌ലാറ്റില്‍ എത്തിയതറിഞ്ഞാണ് ക്രൈംബ്രാഞ്ച് സ്ഥലത്തെത്തിയത്. ഫ്‌ലാറ്റില്‍ ഒളിവിലായിരുന്ന മുഹമ്മദ് ഫൈസല്‍ പൊലീസ് എത്തുന്നത് കണ്ട് ഗുണ്ടകളെ കൊണ്ട് പൊലീസിനെ വിളിച്ച്‌ ഭീഷണിപ്പെടുത്തിയ ശേഷം ഫ്‌ലാറ്റില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്.

പൊലീസ് കസ്റ്റഡിയില്‍ ജയിലില്‍ ഉണ്ടായിരുന്ന പ്രതി മലാക്ക രാജേഷിനൊപ്പം മലപ്പുറം ജില്ലയിലാണ് തട്ടിപ്പ് തുടങ്ങിയത്. സംസ്ഥാനത്ത് ഹോട്ടലുകളും ടൂറിസ്റ്റ് ഹോമുകളും കേന്ദ്രീകരിച്ച്‌ പ്രൊമോഷന്‍ ക്ലാസ് നടത്തിയും ഗൂഗിള്‍ മീറ്റ് വഴിയും ആളുകളെ ആകര്‍ഷിച്ച്‌ നിക്ഷേപം സ്വീകരിച്ചു. മലാക്ക രാജേഷ്, അഡ്വ പ്രവീണ്‍ മോഹന്‍, ഷിജോ പോള്‍, സ്മിത, ജോബി എന്നിവരെ ഇതേ കേസില്‍ മുമ്ബ് അറസ്റ്റ് ചെയ്തിരുന്നു. തട്ടിപ്പില്‍ വീഴുന്നവരുടെ ഫോണില്‍ എംസിടി ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് 256 ദിവസം കൊണ്ട് നിക്ഷേപിച്ച പണം ഇരട്ടിയായി തിരിച്ച്‌ നല്‍കാമെന്ന് പറഞ്ഞ് പണമായി വാങ്ങുകയാണ് ചെയ്തിരുന്നത്. പണം നിക്ഷേപിക്കുമ്ബോള്‍ ആളുകളുടെ മൊബൈല്‍ ഫോണില്‍ പണത്തിന് തുല്യമായ നിരക്കിന്റെ ഡോളര്‍ കാണുന്ന രീതിയിലായിരുന്നു തട്ടിപ്പ്.

പണം നിക്ഷേപിച്ചവരുടെ മൊബൈല്‍ ഫോണിലെ ആപ്ലിക്കേഷനില്‍ കാണുന്ന ഡോളറിന് പകരമായി എമെര്‍ കോയിന്‍ നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇപ്പോഴും തട്ടിപ്പ് തുടരുന്നതെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. അസി പൊലീസ് കമീഷണര്‍ ആര്‍ മനോജ് കുമാറിന്റെ നിര്‍ദേശപ്രകാരം സബ് ഇന്‍സ്‌പെക്ടര്‍ എഎം യാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ക്കെതിരെ തൃശൂര്‍ ജില്ലയില്‍ മാത്രം 28 കേസുണ്ട്. കേരളത്തിലെ മറ്റുപല പൊലീസ് സ്റ്റേഷനുകളിലും കേസുണ്ട്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *