മുംബൈ ആശുപത്രിയില്‍ മൊബൈല്‍ ഫോണ്‍ ടോര്‍ച്ച്‌ ഉപയോഗിച്ച്‌ പ്രസവ ശസ്ത്രക്രിയ നടത്തി; യുവതിയും കുഞ്ഞും മരിച്ചു

May 4, 2024
0
Views

മുംബൈ| മുംബൈയിലെ ആശുപത്രിയില്‍ മൊബൈല്‍ ഫോണിലെ ടോര്‍ച്ച്‌ ഉപയോഗിച്ച്‌ പ്രസവ ശസ്ത്രക്രിയ നടത്തിയതിനെതുടര്‍ന്ന് യുവതിയും കുഞ്ഞും മരിച്ചു.

മുംബൈയിലെ ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നടത്തുന്ന ആശുപത്രിയിലാണ് സംഭവം നടന്നത്. ഭിന്നശേഷിക്കാരനായ ഖുസ്രുദ്ദീന്‍ അന്‍സാരിയുടെ ഭാര്യ സാഹിദൂ(26)നെ പ്രസവത്തിനായി കഴിഞ്ഞ തിങ്കളാഴ്ചയാണ് സുഷമ സ്വരാജ് മെറ്റേണിറ്റി ഹോമില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്ത് വൈദ്യതി ഇല്ലാതിരുന്നെന്നും മൂന്ന് മണിക്കൂറോളം ജനറേറ്റര്‍ ഓണാക്കിയില്ലെന്നും കുടുംബം ആരോപിച്ചു.

സംഭവത്തെതുടര്‍ന്ന് കുടുംബാംഗങ്ങള്‍ ദിവസങ്ങളായി ആശുപത്രിക്ക് പുറത്ത് പ്രതിഷേധിക്കുകയാണ്. പിന്നീട് ബിഎംസി അന്വേഷണത്തിന് ഉത്തരവിട്ടു. സാഹിദും കുഞ്ഞും മരിച്ച ശേഷവും വൈദ്യുതിയില്ലാതെ മറ്റൊരു പ്രസവം ആശുപത്രി അധികൃതര്‍ നടത്തിയതിന്റെ ചിത്രങ്ങളും കുടുംബം കാണിച്ചു.

യുവതി ആരോഗ്യവതിയായിരുന്നെന്നും പരിശോധനകളില്‍ തൃപ്തികരമായ റിപ്പോര്‍ട്ടാണ് ലഭിച്ചതെന്നും കുടുംബം പറഞ്ഞു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ പ്രസവം സാധാരണ നിലയിലാകുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതാണ്. പിന്നീട് സാഹിദൂനെ കാണാന്‍ ലേബര്‍ റൂമില്‍ ചെന്നപ്പോള്‍ രക്തത്തില്‍ കുളിച്ചിരിക്കുന്നതായാണ് കണ്ടതെന്ന് അന്‍സാരിയുടെ മാതാവ് പറഞ്ഞു. ഡോക്ടര്‍ ഒരു മുറിവുണ്ടാക്കി അവള്‍ക്ക് ശാരീരിക പ്രശ്‌നമുണ്ടെന്നും ശസ്ത്രക്രിയ വേണമെന്നും പറഞ്ഞ് സമ്മതപത്രത്തില്‍ ഒപ്പിടാനായി ആവശ്യപ്പെട്ടു. ആ സമയത്താണ് വൈദ്യുതി നിലച്ചത്. ഞങ്ങളെ മറ്റൊരു ആശുപത്രിയിലേക്ക് പോകാനും അവര്‍ സമ്മതിച്ചില്ലെന്നും കുടുംബം ആരോപിച്ചു.

സാഹിദൂനെ ഓപ്പറേഷന്‍ തിയേറ്ററില്‍ കൊണ്ടുപോയി ഫോണ്‍ ടോര്‍ച്ചിന്റെ സഹായത്തോടെ ശസ്ത്രക്രിയ നടത്തുകയായിരുന്നു. കുഞ്ഞ് മരിച്ചപ്പോള്‍ അമ്മ രക്ഷപ്പെടുമെന്ന് ഡോക്ടര്‍ പറഞ്ഞു. പിന്നീട് സിയോണ്‍ ഹോസ്പിറ്റലിലേക്ക് റഫര്‍ ചെയ്തു. പക്ഷേ അപ്പോഴേക്കും സാഹിദൂ മരിച്ചിരുന്നുവെന്ന് കുടുംബം കൂട്ടിച്ചേര്‍ത്തു. രണ്ട് ജീവന്‍ നഷ്ടപ്പെടുത്തിയ ഡോക്ടര്‍മാര്‍ ശിക്ഷിക്കപ്പെടണമെന്നും ആശുപത്രി പൂട്ടണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *