സംസ്ഥാനത്തെ ആറു ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലർട്ട് പിൻവലിച്ചു: 12 ജില്ലകളിൽ യെല്ലോ അലർട്ട്

October 29, 2021
108
Views

തിരുവനന്തപുരം: സംസ്ഥാനത്തെ ആറു ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലർട്ട് പിൻവലിച്ചു. 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതൽ വയനാട് വരെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലായിരുന്നു ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.

അറബിക്കടലിലെ ചക്രവാത ചുഴി തുടരുകയാണ്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം കേരള തീരത്തേക്ക് നീങ്ങാൻ സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ന്യൂനമർദത്തിൻറെയും ചക്രവാത ചുഴിയുടെയും സ്വാധീനഫലമായി കേരളത്തിൽ നവംബർ 1 വരെ ഇടിമിന്നലോടു കൂടിയ മഴ തുടരാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുണ്ട്.

കൊല്ലം പുനലൂരിനടുത്ത് ഇടപ്പാളയത്ത് മലവെള്ള പാച്ചിലുണ്ടായി. ശക്തമായ മഴക്കിടെ ആറുമുറിക്കട ലക്ഷം വീട് കോളനിയുടെ സമീപം നവശിവായം ഭാഗത്ത് വനത്തിൽ മൂന്നിടത്തായാണ് വെള്ളപാച്ചിലുണ്ടായത്. നാല് വീടുകളിൽ വെള്ളം കയറി. ജീപ്പും ഓട്ടോറിക്ഷയും കാറും ഒഴുകിപ്പോയി.ആളപായമില്ല. പ്രദേശത്ത് നിന്നും ആളുകളെ മാറ്റി പാർപ്പിച്ചതായി റവന്യൂ വകുപ്പ് അറിയിച്ചു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *