പാരാലിമ്പിക്സ്: ബാഡ്മിന്റണില്‍ ഇന്ത്യന്‍ താരം കൃഷ്ണ നാഗറിന് സ്വര്‍ണം; പോയന്റ് പട്ടികയിൽ ഇന്ത്യ 24-ാം സ്ഥാനത്ത്

September 5, 2021
299
Views

ടോക്യോ: ടോക്യോ പാരാലിമ്പിക്സിൽ ഇന്ത്യയ്ക്ക് അഞ്ചാം സ്വർണം. ബാഡ്മിന്റൺ എസ് എച്ച് 6 പുരുഷ വിഭാഗത്തിൽ ഇന്ത്യയുടെ കൃഷ്ണ നാഗർ സ്വർണം നേടി. ഫൈനലിൽ ഹോങ് കോങ്ങിന്റെ ചു മാൻ കൈയെയാണ് താരം കീഴടക്കിയത്.

മൂന്ന് ഗെയിം നീണ്ട ആവേശപ്പോരാട്ടത്തിനൊടുവിലാണ് കൃഷ്ണ വിജയം സ്വന്തമാക്കിയത്. സ്കോർ: 21-17, 16-21, 21-17. ഈയിനത്തിലെ ലോക രണ്ടാം നമ്പർ താരമായ കൃഷ്ണ ആദ്യ ഗെയിം അനായാസം സ്വന്തമാക്കി. എന്നാൽ രണ്ടാം ഗെയിമിൽ അനാവശ്യ പിഴവുകൾ വരുത്തിയതോടെ ഹോങ് കോങ് താരം ഒപ്പമെത്തി. എന്നാൽ മൂന്നാം ഗെയിമിൽ മികച്ച തിരിച്ചുവരവ് നടത്തിയ ഇന്ത്യൻ താരം 21-17 എന്ന സ്കോറിന് ഗെയിമും മത്സരവും സ്വന്തമാക്കി. കൃഷ്ണയുടെ കരിയറിലെ ആദ്യ പാരാലിമ്പിക്സ് മെഡലാണിത്.

ടോക്യോ പാരാലിമ്പിക്സ് ബാഡ്മിന്റണിൽ ഇന്ത്യയുടെ രണ്ടാം സ്വർണമാണിത്. നേരത്തേ പ്രമോദ് ഭഗത്തും സ്വർണം നേടിയിരുന്നു.

ഈ മെഡൽ നേട്ടത്തോടെ ഇന്ത്യ പോയന്റ് പട്ടികയിൽ 24-ാം സ്ഥാനത്തേക്ക് ഉയർന്നു. അഞ്ച് സ്വർണവും എട്ട് വെള്ളിയും ആറ് വെങ്കലവുമടക്കം 19 മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിൽ നിന്നു വളർന്നുവന്ന കൃഷ്ണയ്ക്ക് മുൻപ് പല അന്താരാഷ്ട്ര മത്സരങ്ങളിലും കളിക്കാൻ അവസരം ലഭിച്ചെങ്കിലും സാമ്പത്തിക പ്രശ്നങ്ങൾ കാരണം അതെല്ലാം വേണ്ടെന്നുവെച്ചു. ദേശീയ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയതോടെയാണ് താരം പാരലിമ്പിക്സിന് യോഗ്യത നേടിയത്.

Article Categories:
Latest News · Latest News · Sports

Leave a Reply

Your email address will not be published. Required fields are marked *