തിരുവനന്തപുരം: സ്ത്രീകളുടെ വിവാഹ പ്രായം ഉയർത്തുന്നതിനെതിരേ മുസ്ലിം ലീഗ്. വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ലീഗ് എം.പിമാർ പാർലമെന്റിന്റെ ഇരുസഭകളിലും അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകി. വിവാഹ പ്രായം 18ൽ നിന്ന് 21 ആയി ഉയർത്തുന്നത് ദുരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നും ഇത് ഏകീകൃത സിവിൽ കോഡിലേക്കുള്ള നീക്കമാണെന്നും ലീഗ് ആരോപിക്കുന്നു. മുസ്ലിം വ്യക്തി നിയമത്തിനെതിരെയുള്ള കടന്നു കയറ്റമാണ് ഇതെന്നാണ് ആരോപണം.
അബ്ദുസമദ് സമദാനിയും പി.വി അബ്ദുൾ വഹാബും താനും ചേർന്ന് സഭയിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയിട്ടുണ്ടെന്ന് ഇ.ടി മുഹമ്മദ് ബഷീർ എംപി പറഞ്ഞു. വിവാഹ പ്രായം തുല്യപ്പെടുത്തുക എന്ന രീതിയിലുള്ള കേന്ദ്ര സർക്കാർ നീക്കത്തെ ലീഗ് എതിർക്കുന്നു. വിവാഹം, വിവാഹ മോചനം, സ്വത്തവകാശം എന്നിവയെല്ലാം മുസ്ലിം വ്യക്തി നിയമത്തിൽ പറയുന്ന കാര്യങ്ങളാണ്.
അത് വിശ്വാസപരമായ കാര്യമാണ്. കേന്ദ്ര സർക്കാരിന്റേത് ഭരണഘടനാ അവകാശത്തിന് മേലുള്ള കടന്നുകയറ്റമാണ്. 21 വയസ്സാക്കി കഴിഞ്ഞാൽ അതുവരെ പഠിക്കാം എന്നാണ് കേന്ദ്ര സർക്കാർ റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ അത് വളരെ യുക്തിഭദ്രമാണ്. ഇതിൽ കേന്ദ്ര സർക്കാരിന് ദുരുദ്ദേശമുണ്ട്. ഏക സിവിൽകോഡിലേക്ക് കൊണ്ടു പോകാനുള്ള നീക്കമാണ് ഇതിന്റെ പിന്നിലെന്ന് ഇടി മുഹമ്മദ് ബഷീർ ആരോപിച്ചു.
നിലവിൽ ലീഗ് മാത്രമാണ് വിഷയത്തിൽ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. കോൺഗ്രസിന്റെ ഔദ്യോഗിക നിലപാട് വന്നിട്ടില്ല. സമാന ചിന്താഗതിയുള്ള മറ്റു രാഷ്ട്രീയ സംഘടനകളുമായി സഹകരിച്ച് തുടർനടപടികളെക്കും എന്നാണ് മുസ്ലിം ലീഗ് അറിയിച്ചിരിക്കുന്നത്.
സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യം, പോഷകാഹാരം മെച്ചപ്പെടുത്തൽ തുടങ്ങിയവ സംബന്ധിച്ച കാര്യങ്ങൾ പഠിക്കാൻ വേണ്ടി രൂപീകരിച്ച കേന്ദ്ര ടാസ്ക് ഫോഴ്സ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സ്ത്രീകളുടെ വിവാഹ പ്രായം ഉയർത്താൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചത്. നിലവിൽ പാർലമെന്റ് പരിഗണിക്കുന്ന ഒരു ബില്ലായി വന്നിട്ടില്ല. കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയിൽ വന്നു എന്ന റിപ്പോർട്ടുകൾ മാത്രമാണ് ഉള്ളത്.