‘ഈശോ’ എന്ന പേരില്‍ സിനിമ പുറത്തിറങ്ങിയാല്‍ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പി.സി. ജോര്‍ജ്. ഈ പേരില്‍ സിനിമ ഇറക്കാമെന്ന് നാദിര്‍ഷ വിചാരിക്കേണ്ടെന്നും വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പി.സി.ജോര്‍ജ് പറഞ്ഞു.
പി.സി. ജോര്‍ജിന്റെ വാക്കുകള്‍:
”ക്രിസ്ത്യന്‍ സമൂഹത്തെ അപമാനിക്കണമെന്ന നിര്‍ബന്ധബുദ്ധിയോടെ ഇറങ്ങിത്തിരിച്ച കുറച്ച് സിനിമാക്കാര്‍ ഉണ്ട്. ഇപ്പോള്‍ മലയാള സിനിമയിലെ ഗുണ്ടാ കഥാപാത്രങ്ങള്‍ എടുത്തുനോക്കുക. മിക്ക ഗുണ്ടകളും ക്രിസ്ത്യാനികള്‍ ആയിരിക്കും, അവന്റെ കഴുത്തില്‍ ഒരു കുരിശും കാണും. ഇത് ഇന്നും ഇന്നലെയും തുടങ്ങിയ കാര്യമല്ല. പരാതികള്‍ കുറച്ച് നാളുകളുമായി എനിക്ക് കിട്ടുന്നുണ്ടായിരുന്നു. ഞാന്‍ ഇപ്പോള്‍ സിനിമകള്‍ കാണാന്‍ തുടങ്ങിയിരിക്കുന്നു.
കേരളത്തില്‍ ഏറ്റവും വലിയ സാംസ്‌കാരികമൂല്യങ്ങള്‍ക്ക് വിലകല്‍പിച്ച സഭയാണ് ക്രൈസ്തവ സഭ. സമൂഹത്തിനു വേണ്ടി ചെയ്യാന്‍ കഴിയുന്ന എല്ലാ നന്മകളും ഇവര്‍ ചെയ്തു. ഇത് വൃത്തികെട്ട അനീതിയാണ്. ചോദിക്കാനും പറയാനും ആരുമില്ല എന്ന തോന്നലാണ് ഇത്തരക്കാര്‍ക്ക് വളം. നാദിര്‍ഷായെയും കൂട്ടരെയും ഞാന്‍ വിടില്ല. ക്രിസ്ത്യന്‍ സമൂഹത്തെ മാത്രമല്ല, അതിപ്പോള്‍ മുസ്ലിം സമൂഹത്തെയും ഹൈന്ദവ സമൂഹത്തെയും അപമാനിച്ചാലും ഞാന്‍ വിടില്ല. ഞാനൊരു പൊതുപ്രവര്‍ത്തകനാണ്. എംഎല്‍എ അല്ലാത്തതിനാല്‍ ധാരാളം സമയം കിട്ടുന്നുണ്ട്. ഇവനെയൊക്കെ നന്നാക്കിയിട്ടേ ഞാന്‍ പോകൂ.
നാദിര്‍ഷയെ പോലൊരാള്‍ ഇങ്ങനെ ചെയ്തല്ലോ എന്ന് ഓര്‍ക്കുമ്പോഴാണ് വിഷമം. ഈ പേരില്‍ സിനിമ ഇറക്കാമെന്ന് വിചാരിക്കേണ്ട. അങ്ങനെയെങ്കില്‍ ഒരു തിയറ്ററിലും ഈ ചിത്രം പ്രദര്‍ശിപ്പിക്കുകയുമില്ല. കേരളം മുഴുവന്‍ ഞാന്‍ ഇറങ്ങും.”നാദിര്‍ഷ സംവിധാനം ചെയ്യുന്ന കേശു ഈ വീടിന്റെ നാഥന്‍, ഈശോ എന്നീ സിനിമകളുടെ പേര് മാറ്റണമെന്ന ആവശ്യവുമായി ക്രൈസ്തവ സംഘടനകള്‍ രംഗത്തുവന്നിരുന്നു. യേശുവിനെയും ക്രൈസ്തവ വിശ്വാസത്തെയും അവഹേളിക്കുന്നതാണ് രണ്ട് സിനിമകളുടെയും പേര് എന്നായിരുന്നു ആരോപണം.
എന്നാല്‍ ഇത് കഥാപാത്രങ്ങളുടെ മാത്രം പേരാണെന്നും സിനിമ ഇറങ്ങിയ ശേഷം മതവിശ്വാസം വ്രണപ്പെടുന്നുവെന്ന് തോന്നിയാല്‍ ഏത് ശിക്ഷയും ഏറ്റുവാങ്ങാന്‍ തയാറാണെന്നുമായിരുന്നു നാദിര്‍ഷയുടെ പ്രതികരണം.