സംസ്ഥാനത്ത് രണ്ട് മാസത്തെ ക്ഷേമ പെന്‍ഷന്‍ ഒരുമിച്ച് വിതരണം ചെയ്യുവാന്‍ തീരുമാനിച്ചു. ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ ക്ഷേമ പെന്‍ഷനുകളാണ് ആഗസ്റ്റില്‍ വിതരണം ചെയ്യുക. ആഗസ്റ്റ് മാസം ആദ്യവാരം തന്നെ പെന്‍ഷന്‍ വിതരണം ചെയ്യുവാനാണ് തീരുമാനിച്ചിരിക്കുന്നത്. കോവിഡ് മഹാമാരി കൂടി രൂക്ഷമായതോടെ വലിയ പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്. എങ്കിലും ഈ സാഹചര്യത്തിലും സാധാരണക്കാരുടെ ക്ഷേമം ഉറപ്പുവരുത്താന്‍ പ്രതിജ്ഞാബദ്ധമാണെന്ന് സര്‍ക്കാര്‍ അറിയിച്ചു.
ആഗസ്റ്റ് മാസം രണ്ടാം പകുതിയിലാണ് ഓണം എത്തുന്നതെന്നത് കണക്കിലെടുത്താണ് പെന്‍ഷന്‍ വിതരണത്തില്‍ തീരുമാനമെടുത്തിരിക്കുന്നത്. ഓരോരുത്തര്‍ക്കുമായി രണ്ടു മാസത്തെ പെന്‍ഷന്‍ തുകയായി 3200 രൂപ ലഭിക്കും. 55 ലക്ഷത്തിലധികം പേര്‍ക്ക് പെന്‍ഷന്‍ വിതരണം ചെയ്യാനായി 1600 കോടി രൂപയാണ് ചിലവ് വരുന്നത്.