പെട്രോള്‍-ഡീസല്‍ വില വര്‍ധിപ്പിച്ച് പഞ്ചാബ് സര്‍ക്കാര്‍.
ഛണ്ഡിഗഢ്: പെട്രോള്‍-ഡീസല്‍ വില വര്‍ധിപ്പിച്ച് പഞ്ചാബ് സര്‍ക്കാര്‍. മൂല്യവര്‍ധിത നികുതി (വാറ്റ്) വര്‍ധിപ്പിച്ചതോടെയാണ് സംസ്ഥാനത്ത് പെട്രോള്‍-ഡീസല്‍ വില ഉയര്‍ന്നത്.
ഇതോടെ പെട്രോള്‍ വില ലിറ്ററിന് 92 പൈസയും ഡീസലിന് 88 പൈസയും കൂടി.
സംസ്ഥാനത്തെ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 98.65 രൂപയായി ഉയര്‍ന്നു. ഡീസല്‍ വില 88.95 രൂപയായാണ് വര്‍ധിച്ചത്. ജൂണ്‍ ഒന്നിന് സംസ്ഥാന തലസ്ഥാനമായ ഛണ്ഡിഗഢില്‍ പെട്രോള്‍ വില 96.20 രൂപയായിരുന്നു. ഡീസല്‍ ലിറ്ററിന് 84.26 രൂപയായിരുന്നു വില. മന്ത്രിസഭ യോഗത്തിലാണ് വില വര്‍ധനവ് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടായത്.
വില വര്‍ധനവിലൂടെ 600 കോടിയുടെ അധിക വരുമാനം ഉണ്ടാവുമെന്നാണ് കണക്കുകൂട്ടുന്നത്. പഞ്ചാബില്‍ പത്താൻകോട്ടിലാണ് പെട്രോളിന് ഏറ്റവും ഉയര്‍ന്ന വിലയുള്ളത്. ലിറ്ററിന് 99.01 രൂപയാണ് വില. ലിറ്ററിന് 98.06 രൂപ വിലയുള്ള ജലന്ധറിലാണ് ഏറ്റവും കുറവ്.
ലിറ്ററിന് 88.28 രൂപ വിലയുള്ള ബറാനാലയിലാണ് ഡീസലിന് ഏറ്റവും കുറവ് വില. 89.30 രൂപ വിലയുള്ള പത്താൻകോട്ടിലാണ് ഡീസലിന് ഏറ്റവും കൂടുതല്‍ വില. കഴിഞ്ഞ ഫെബ്രുവരിയില്‍ പഞ്ചാബ് സര്‍ക്കാര്‍ പെട്രോളിനും ഡീസലിനുമുള്ള വാറ്റ് ഉയര്‍ത്തിയിരുന്നു