ജനങ്ങളെ ‘മുഖാമുഖം’ കാണാൻ വീണ്ടും മുഖ്യമന്ത്രി എത്തുന്നു; പര്യടനം 18 മുതല്‍

February 15, 2024
15
Views

നവകേരള സദസിന്റെ തുടർച്ചയായി വീണ്ടും ജനങ്ങളെ നേരിട്ട് കണ്ട് സംവദിക്കാൻ മുഖ്യമന്ത്രി.

നവകേരള സദസിന്റെ തുടർച്ചയായി വീണ്ടും ജനങ്ങളെ നേരിട്ട് കണ്ട് സംവദിക്കാൻ മുഖ്യമന്ത്രി. ഇത്തവണ സമൂഹത്തിലെ വ്യത്യസ്ത മേഖലയിലുള്ളവരെ നേരില്‍ കാണാനും സംവദിക്കാനുമാണ് മുഖ്യമന്ത്രി വരുന്നത്.

ഫെബ്രുവരി 18 മുതല്‍ മാർച്ച്‌ 3 വരെ നീളുന്ന പര്യടനമാണ് സർക്കാർ ആസൂത്രണം ചെയ്യുന്നത്. രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 വരെ നീണ്ടു നില്‍ക്കുന്ന സംവാദ പരിപാടിക്ക് നല്‍കിയിരിക്കുന്ന പേര് ‘മുഖാമുഖം’ എന്നാണ്.

വിദ്യാർഥികള്‍, യുവജനങ്ങള്‍, മഹിളകള്‍, ആദിവാസി / ദളിത് വിഭാഗങ്ങളില്‍ നിന്നുള്ളവർ സമൂഹത്തിലെ വിവിധ തുറകളില്‍ നിന്നുള്ളവരിലേക്ക് നേരിട്ടെത്തുകയാണ് പരിപാടിയുടെ ഉദ്ദേശ്യം. കണ്ണൂർ, തൃശൂർ, എറണാകുളം, തിരുവനന്തപുരം, ആലപ്പുഴ എന്നീ ജില്ലകളിലായിരിക്കും പരിപാടി നടക്കുക. പര്യടനം നടക്കുന്ന ജില്ലകളില്‍ സംഘാടക സമിതി രൂപീകരിച്ച്‌ ആവശ്യമായ ഒരുക്കങ്ങള്‍ നടത്തണമെന്ന് സർക്കാർ വ്യത്യസ്ത വകുപ്പുകള്‍ക്ക് നിർദേശം നല്‍കി. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവും പുറത്തിറക്കി.

വിദ്യാർത്ഥികളുമായുള്ള സംവാദത്തോടെ കോഴിക്കോട് നിന്നാണ് പരിപാടി ആരംഭിക്കുന്നത്. ഫെബ്രുവരി 20ന് തിരുവനന്തപുരത്ത് യുവജനങ്ങളുമായുള്ള സംവാദം നടക്കും. മഹിളകളുമായുള്ള സംവാദം ഫെബ്രുവരി 22ന് എറണാകുളത്തും, ആദിവാസി ദളിത് വിഭാഗങ്ങളില്‍ നിന്നുള്ളവരുമായി 24 ന് കണ്ണൂരിലും സംവദിക്കും. ഫെബ്രുവരി 25 ന് തൃശ്ശൂരില്‍ സാംസ്‌കാരിക പ്രവർത്തകരെ കാണും. ഫെബ്രുവരി 26ന് ഭിന്നശേഷിക്കാരുമായും 27ന് മുതിർന്ന പൗരരുമായും മുഖ്യമന്ത്രി തിരുവനന്തപുരത്ത് സംവദിക്കും. തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട ചർച്ച 29ന് കൊല്ലത്ത് നടക്കും. മാർച്ച്‌ 2ന് കാർഷികമേഖലയിലുള്ളവരുമായി ആലപ്പുഴയിലും മാർച്ച്‌ 3ന് റെസിഡൻസ് അസോസിയേഷൻ പ്രതിനിധികളുമായി എറണാകുളത്തും സംവദിക്കും.

ഓരോ ജില്ലയിലും നടക്കുന്ന സംവാദ പരിപാടികളുടെ നടത്തിപ്പ് ചുമതല അതാത് ദിവസത്തെ ചർച്ചാവിഷയവുമായി ബന്ധപ്പെട്ട വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിക്കും വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനുമായിരിക്കും. അതിനു പുറമെ അതാതു ജില്ലകളില്‍ നിന്നുള്ള മന്ത്രിമാരും ജനപ്രതിനിധികളും സംഘാടനത്തിന് നേതൃത്വം നല്‍കണമെന്നും സർക്കാർ ഉത്തരവില്‍ പറയുന്നു.

മുഖാമുഖം പരിപാടി നടക്കുന്ന വേദികള്‍ ഭിന്നശേഷിസൗഹൃദ വേദികളായിരിക്കണം എന്നും സർക്കാർ ഉത്തരവില്‍ പ്രത്യേകം നിർദേശമുണ്ട്. ഓരോ ദിവസവും ചർച്ച ചെയ്യുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട വിദഗ്ധരെ അതിഥികളായി ക്ഷണിക്കണമെന്നും നിർദേശമുണ്ട്. പ്രത്യേക വിഷയവുമായി ബന്ധപ്പെട്ട പത്തില്‍ താഴെ അതിഥികളെ മുഖ്യമന്ത്രിയോടൊപ്പം വേദിയില്‍ ഇരുത്തമെന്നാണ് നിർദേശം. ഇങ്ങനെ ക്ഷണിക്കുന്ന അതിഥികള്‍ക്ക് 5 മിനിറ്റ് സംസാരിക്കാനുള്ള അവസരവും നല്‍കണമെന്നും ഉത്തരവ് വ്യക്തമാക്കുന്നു.

മുഖാമുഖം പരിപാടിയില്‍ രണ്ടായിരത്തില്‍ കവിയാത്ത അത്രയും ആളുകളുടെ പങ്കാളിത്തമുണ്ടാകണമെന്നും സർക്കാർ നിർദേശമുണ്ട്. ഒരു മണിക്കൂറായിരിക്കും ആളുകള്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരം. ഒരു മിനിറ്റാണ് ഒരാള്‍ക്ക് ചോദ്യം ചോദിക്കാൻ നല്‍കുക. ചോദ്യം ചോദിക്കാൻ അവസരം ലഭിക്കാത്തവർക്ക് ചോദ്യം എഴുതി നല്‍കാനുള്ള അവസരവും ഉണ്ടാകും.പരിപാടിയുടെ സംഘടനത്തിനും പ്രചാരണത്തിനുമാവശ്യമായ തുക നവകേരള സദസില്‍ ഫണ്ട് കണ്ടെത്തിയത് പോലെ ഇതിലും കണ്ടെത്തണമെന്ന് ഉത്തരവില്‍ നിർദേശം നല്‍കുന്നു. പരിപാടി നടക്കുന്ന സമയത്ത് എല്‍ഇഡി വാള്‍, ചോദ്യം ചോദിക്കാൻ 10 വയര്‍ലസ് മൈക്കുകള്‍ ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും വേദികളിലുണ്ടാകണമെന്നും നിർദേശമുണ്ട്. രാവിലെ 9 മണി മുതല്‍ 1 മണിവരെയുള്ള പരിപാടിയായതിനാല്‍ ആളുകള്‍ക്ക് ലഘുഭക്ഷണവും നല്‍കും.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *