ലോക്സഭാ തെരഞ്ഞടുപ്പ് ആസന്നമായിരിക്കെ പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധിയില്‍ അംഗങ്ങളായ വനിതാ കര്‍ഷകര്‍ക്കുള്ള ആനുകൂല്യം ഇരട്ടിയാക്കാൻ കേന്ദ്രസര്‍ക്കാര്‍.
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞടുപ്പ് ആസന്നമായിരിക്കെ പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധിയില്‍ അംഗങ്ങളായ വനിതാ കര്‍ഷകര്‍ക്കുള്ള ആനുകൂല്യം ഇരട്ടിയാക്കാൻ കേന്ദ്രസര്‍ക്കാര്‍.
പദ്ധതിയിലൂടെ വനിതാ കര്‍ഷകര്‍ക്ക് നല്‍കുന്ന വാര്‍ഷിക സാന്പത്തിക സഹായം 6000 രൂപയില്‍നിന്നു 12,000 രൂപ ആക്കി ഉയര്‍ത്താനാണ് ആലോചന. ഇതുവഴി സ്ത്രീകളുടെയും കര്‍ഷകരുടെയും വോട്ട് ഉറപ്പിക്കുകയാണ് എൻഡിഎ സര്‍ക്കാരിന്‍റെ ലക്ഷ്യം.
പത്തു കോടിയിലധികം കുടുംബങ്ങളാണ് നിലവില്‍ പദ്ധതിയുടെ ഗുണഭോക്താക്കള്‍. ഇതില്‍ മൂന്നു കോടിയിലധികവും വനിതാ കര്‍ഷകരാണ്. പദ്ധതി നടപ്പിലായാല്‍ തെരഞ്ഞെടുപ്പിനുമുന്പ് ഗുണഭോക്താക്കളായ സ്ത്രീകളുടെ അക്കൗണ്ടില്‍ 4,000 രൂപയെത്തും.
ഫെബ്രുവരി ഒന്നിലെ പൊതുബജറ്റില്‍ വനിതാ കര്‍ഷകര്‍ക്കുള്ള ഈ സഹായം പ്രഖ്യാപിക്കാനാണ് ആലോചന. 18,000 കോടി രൂപയുടെ അധികച്ചെലവാണ് ഇതുവഴി കേന്ദ്രസര്‍ക്കാരിനുണ്ടാകുക. കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടാണ് തുക കൈമാറുന്നത്.
രാജ്യത്തെ കര്‍ഷകരില്‍ 60 ശതമാനവും സ്ത്രീകളാണെങ്കിലും 13 ശതമാനം വനിതാ കര്‍ഷകര്‍ക്കു മാത്രമാണ് സ്വന്തമായി കൃഷിഭൂമിയുള്ളത്.
2019ലെ തെരഞ്ഞെടുപ്പിനു തൊട്ടുമുന്പ് ആരംഭിച്ച പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയിലൂടെ നിലവില്‍ മൂന്നു ഗഡുക്കളായി 2,000 രൂപ വീതം വര്‍ഷം 6000 രൂപ കര്‍ഷകര്‍ക്ക് നല്‍കിവരുന്നു.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ത്രീ വോട്ടര്‍മാര്‍ ബിജെപിക്കൊപ്പം നിന്നിരുന്നു. സ്ത്രീകള്‍ക്ക് നേരിട്ടു പണം നല്‍കുന്ന മധ്യപ്രദേശിലെ ലാഡ്‌ലി ബെഹന യോജന പദ്ധതി സംസ്ഥാനത്ത് അധികാരം നിലനിര്‍ത്താൻ ബിജെപിയെ സഹായിച്ചു. അതേസമയം, പുതിയ നീക്കം വോട്ട് നേടാനുള്ള തട്ടിപ്പാണെന്നും കേന്ദ്രത്തിന്‍റെ കര്‍ഷകവിരുദ്ധ നിലപാട് ജനങ്ങള്‍ തിരിച്ചറിയണമെന്നും കോണ്‍ഗ്രസ് പറയുന്നു.