മകരവിളക്കിന്‌ ഒരുങ്ങി സന്നിധാനം; ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി

January 12, 2024
29
Views

മകരവിളക്ക്‌ ഉത്സവവുമായി ബന്ധപ്പെട്ട്‌ എത്തുന്ന ഭക്‌തര്‍ക്ക്‌ പരമാവധി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന്‌ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌

ശബരിമല: മകരവിളക്ക്‌ ഉത്സവവുമായി ബന്ധപ്പെട്ട്‌ എത്തുന്ന ഭക്‌തര്‍ക്ക്‌ പരമാവധി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന്‌ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ പി.എസ്‌.

പ്രശാന്ത്‌. നാലു ലക്ഷത്തിലധികം ഭക്‌തര്‍ മകരജ്യോതി ദര്‍ശിക്കുമെന്നാണ്‌ കരുതുന്നത്‌.
അവര്‍ക്കാവശ്യമായ എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്‌. വെള്ളം, സ്‌നാക്‌സ്‌, ഭക്ഷണം എന്നിവ വിതരണം ചെയ്യും. ഈ വര്‍ഷം സന്നിധാനത്തും പാണ്ടിത്താവളത്തും പരിസരത്തുമായി മകരജ്യോതി ദര്‍ശനത്തിനായി എത്തുന്ന ഒന്നര ലക്ഷത്തിലധികം പേര്‍ക്ക്‌ 14, 15 തീയതികളില്‍ സൗജന്യമായി ഭക്ഷണം വിതരണം ചെയ്യാന്‍ ദേവസ്വം ബോര്‍ഡ്‌ തീരുമാനിച്ചിട്ടുണ്ട്‌. അന്നദാനത്തിനു പുറമേയാണ്‌ ഭക്ഷണം വിതരണം ചെയ്യുന്നത്‌. പരമാവധി പത്ത്‌ പോയിന്റുകളില്‍ മകരജ്യോതി ദര്‍ശനത്തിനുള്ള സംവിധാനമുണ്ടാകും. 15 നാണ്‌ മകരവിളക്ക്‌.
പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്‌ഥരുടെയും ദേവസ്വം ബോര്‍ഡ്‌ അധികൃതരുടെയും സംഘം മകരജ്യോതി വ്യൂ പോയിന്റുകളില്‍ സന്ദര്‍ശനം നടത്തി ക്രമീകരണങ്ങള്‍ വിലയിരുത്തി. ഭക്ഷണ വിതരണത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്‌. ഭക്‌തര്‍ക്കായി ചുക്ക്‌ വെള്ളവും ബിസ്‌ക്കറ്റും വിതരണം ചെയ്യുന്നുണ്ട്‌. 40 ലക്ഷം ബിസ്‌ക്കറ്റ്‌ പാക്കറ്റുകളാണ്‌ വിതരണത്തിനായി ശേഖരിച്ചിട്ടുള്ളത്‌.

ജ്യോതി ദര്‍ശനത്തിന്‌ 10 വ്യൂ പോയിന്റുകള്‍

ജ്യോതി ദര്‍ശനത്തിനായി പത്ത്‌ വ്യൂ പോയിന്റുകളാണ്‌ ക്രമീകരിച്ചിട്ടുള്ളത്‌. പാണ്ടിത്താവളം, വാട്ടര്‍ ടാങ്കിന്‌ മുന്‍വശം, മരാമത്ത്‌ കോംപ്ലക്‌സിന്‌ മുന്‍വശത്തെ തട്ടുകള്‍, ബി.എസ്‌.എന്‍.എല്‍ ഓഫീസിന്‌ വടക്ക്‌ ഭാഗം, കൊപ്രാക്കളം, സന്നിധാനം തിരുമുറ്റംമുകള്‍ ഭാഗവും താഴെയും, മാളികപ്പുറം ക്ഷേത്ര പരിസരം, അപ്പാച്ചിമേട്‌, അന്നദാന മണ്ഡപത്തിനു മുന്‍വശം, ഇന്‍സിനറേറ്ററിനു മുന്‍വശം തുടങ്ങിയവയാണ്‌ വ്യൂ പോയിന്റുകള്‍. ഇവിടെ തമ്ബടിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ട്‌.

മകരസംക്രമ പൂജ 15ന്‌

മകരവിളക്കിനോട്‌ അനുബന്ധിച്ചുള്ള മകരസംക്രമ പൂജ 15ന്‌ പുലര്‍ച്ചെ 2.46 ന്‌ നടക്കും. സൂര്യന്‍ ധനുരാശിയില്‍നിന്ന്‌ മകരം രാശിയിലേക്ക്‌ കടക്കുന്ന സമയത്താണ്‌ മകരസംക്രമ പൂജ. തിരുവാഭരണം ചാര്‍ത്തി അന്ന്‌ വൈകിട്ട്‌ 6.30ന്‌ ദീപാരാധന നടക്കും. ഈ സമയം കിഴക്ക്‌ പൊന്നമ്ബലമേട്ടില്‍ മകരജ്യോതിയും ആകാശത്ത്‌ മകരസംക്രമ നക്ഷത്രവും ഉദിക്കും. 19 ന്‌ കളഭവും 20 ന്‌ മാളികപ്പുറത്തെ ഗുരുതിയും നടക്കും. 21ന്‌ രാവിലെ പന്തളം രാജാവിന്റെ ദര്‍ശനത്തോടെ തീര്‍ത്ഥാടനത്തിന്‌ സമാപനം കുറച്ചുകൊണ്ട്‌ നട അടയ്‌ക്കും. മകരവിളക്കിനോട്‌ അനുബന്ധിച്ച്‌ 13ന്‌ പ്രാസാദ ശുദ്ധിക്രിയയും 14ന്‌ രാവിലെ ബിംബ ശുദ്ധിക്രിയകളും നടത്തും. പ്രാസാദ ശുദ്ധിയുടെ ഭാഗമായി അസ്‌ത്ര കലശം, രാക്ഷോഹ്നഹോമം, വാസ്‌തു ഹോമം, വാസ്‌തു ബലി, വാസ്‌തു കലശം, വാസ്‌തു പുണ്യാഹം എന്നിവ ഉണ്ടാകും. ബിംബ ശുദ്ധിയുടെ ഭാഗമായി ചതുര്‍ ധാര, പഞ്ചകം, പഞ്ചഗവ്യം എന്നിവയും നടക്കും. ചടങ്ങുകള്‍ക്ക്‌ ക്ഷേത്രം തന്ത്രി കണ്‌ഠരര്‌ മഹേഷ്‌ മോഹനര്‌, മേല്‍ശാന്തി പി.എന്‍. മഹേഷ്‌ നമ്ബൂതിരി എന്നിവര്‍ നേതൃത്വം നല്‍കും.

ഉരല്‍ക്കുഴി പാതയില്‍ ബാരിക്കേഡ്‌ വേണം

ശബരിമല: ഉരല്‍ക്കുഴിയിലെക്ക്‌ പോകുന്ന ഭാഗത്ത്‌ ഒറ്റയടിപ്പാതയുടെ വശങ്ങളില്‍ ബാരിക്കേഡ്‌ സ്‌ഥാപിക്കണമെന്നാവശ്യം മുന്നോട്ട്‌ വച്ച്‌ ദേവസ്വം ബോര്‍ഡ്‌.
കഴിഞ്ഞ ദിവസം പാണ്ടിത്താവളം, ഉരല്‍ക്കുഴി ഭാഗത്ത്‌ സന്ദര്‍ശനം നടത്തിയ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റാണ്‌ ഇക്കാര്യം വ്യക്‌തമാക്കിയത്‌ പാണ്ടിത്താവളത്ത്‌ നിന്നും ഉരല്‍ക്കുഴി തീര്‍ത്ഥ ഘട്ടത്തിലേക്ക്‌ ഒറ്റയടിപ്പാതയാണുള്ളത്‌. പാതയുടെ ഇരുവശവും വനമാണ്‌. ഇതില്‍ ഒരു വശത്ത്‌ കുത്തായ താഴ്‌ച്ചയാണ്‌. പാതയില്‍ വെള്ളം വീണാല്‍ തീര്‍ത്ഥാടകര്‍ കാല്‍ വഴുതി താഴ്‌ച്ചയിലേക്ക്‌ വീഴാനുള്ള സാധ്യതയുണ്ട്‌.ഇത്‌ ഒഴിവാക്കാനാണ്‌ ബാരിക്കേടെന്ന ആവിശ്യം മുന്നോട്ട്‌ വച്ചത്‌. വനം വകുപ്പ്‌ ബാരിക്കേട്‌ തീര്‍ക്കുകയോ അല്ലെങ്കില്‍ ബാരിക്കേഡ്‌ തീര്‍ക്കാന്‍ ദേവ സ്വം ബോര്‍ഡിന്‌ അനുമതി നല്‌കുകയോ വേണമെന്നാണ്‌ ആവശ്യം.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *