കൊച്ചി: പ്രശസ്ത കവി എസ്. രമേശൻ (70) അന്തരിച്ചു. എറണാകുളത്തായിരുന്നു അന്ത്യം. വ്യാഴാഴ്ച പുലർച്ചെ വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. പ്രഭാഷകൻ, സാംസ്കാരിക പ്രവർത്തകൻ, പത്രാധിപർ, പുരോഗമന കലാസാഹിത്യസംഘം വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രസിദ്ധനായിരുന്നു.
സാഹിത്യ പ്രവർത്തക സഹകരണ സംഘം ഡയറക്ടർ ബോർഡ് അംഗവും, എറണാകുളം പബ്ലിക് ലൈബ്രറി യുടെ അധ്യക്ഷനും, കേരള ഗ്രന്ഥശാലാ സംഘത്തിന്റെ നിർവാഹക സമിതി അംഗവുമാണ്. എറണാകുളം മഹാരാജാസ് കോളേജിൽ രണ്ട് തവണ കോളേജ് യൂണിയൻ ചെയർമാൻ ആയിരുന്നു. 1981 ൽ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറായി ജോലിയിൽ പ്രവേശിച്ച 2007 ൽ അഡീഷണൽ ഡെവലപ്മെന്റ് കമ്മീഷണറായാണ് വിരമിച്ചത്.
1952 ഫെബ്രുവരി 16 ന് കോട്ടയം ജില്ലയിലെ വൈക്കത്താണ് ജനനം. വിദ്യാർഥിയായിരുക്കുമ്പോൾ തന്നെ എസ്. രമേശൻ എഴുതിത്തുടങ്ങി. ശിഥില ചിത്രങ്ങൾ, മല കയറുന്നവർ, എനിക്കാരോടും പകയില്ല, അസ്ഥി ശയ്യ, കലുഷിതകാലം, കറുത്ത കുറിപ്പുകൾ, എസ് രമേശന്റെ കവിതകൾ എന്നിവയാണ് കൃതികൾ. ചെറുകാട് അവാർഡ്, ശക്തി അവാർഡ്, എ.പി. കളക്കാട് പുരസ്കാരം, കേരള സാഹിത്യ അക്കാദമിയുടെ 2015 ലെ അവാർഡ്, മുലൂർ അവാർഡ്, ആശാൻ പുരസ്കാരം തുടങ്ങിയ ഒട്ടേറെ പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.