ബാങ്കിനു മുന്നിൽ വരി നിന്നയാൾക്ക് പിഴ; ചോദ്യം ചെയ്ത പതിനെട്ടുകാരിക്കും പിഴ ഇട്ട് പൊലീസ്

July 27, 2021
158
Views

കൊല്ലം: ബാങ്കിനു മുന്നിൽ വരി നിന്നയാൾ കോവിഡ് മാനദണ്ഡം ലംഘിച്ചെന്ന പേരിൽ പൊലീസിന്റെ പിഴ. ഇതു ചോദ്യം ചെയ്ത പതിനെട്ടുകാരിക്കെതിരെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും കേസ്. കൊല്ലം ചടയമംഗലത്താണ് ഇങ്ങനെയൊരു പോലീസ് നടപടി.

ചടയമംഗലം ഇടുക്കുപാറ സ്വദേശി ഗൗരിനന്ദയ്ക്കെതിരെയാണ് ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന പേരില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി ചടയമംഗലം പൊലീസ് കേസെടുത്തത്. അമ്മയെ ആശുപത്രിയിൽ കൊണ്ടുപോയി വരുംവഴി എടിഎമ്മിൽ നിന്നു പണമെടുക്കാനാണ് ഗൗരി ബാങ്കിന് സമീപത്തേക്കു എത്തിയത്. അവിടെ പ്രായമുള്ള ഒരാളുമായി പൊലീസ് വാക്കേറ്റം നടത്തുന്നതു കണ്ടപ്പോള്‍ എന്താണ് പ്രശ്നമെന്ന് ചോദിച്ചതായി യുവതി പറയുന്നു. അനാവശ്യമായി പിഴ ലഭിച്ചെന്ന് പ്രായമുളളയാള്‍ മറുപടി പറഞ്ഞപ്പോള്‍ ഇടപെട്ട ഗൗരിക്കും കിട്ടി പിഴ.

സാമൂഹിക അകലം പാലിച്ചില്ലെന്നായി കുറ്റം. ഇതിനെച്ചൊല്ലിയായി പിന്നീട് ഗൗരിയും പൊലീസും തമ്മില്‍ വാക്കുതര്‍ക്കം. ഉടനെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നായി അടുത്ത കുറ്റം. ജാമ്യമില്ലാ വകുപ്പ് ചുമത്തിയിരിക്കുകയാണ് പൊലീസ്. പൊലീസ് നടപടിക്കെതിരെ യുവജനകമ്മിഷന് യുവതി പരാതി നല്‍കി. മാപ്പ് പറഞ്ഞാൽ കേസ് പിൻവലിക്കാമെന്ന് ചില രാഷ്ട്രീയ പ്രവർത്തകർ വഴി പൊലീസ് അറിയിച്ചെന്നും മാപ്പ് പറയില്ലെന്നും മറുപടി നൽകിയതായി ഗൗരി പറഞ്ഞു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *