ഇന്ന് തൈപ്പൊങ്കല്‍; കാപ്പുകെട്ടല്‍ നടന്നു

January 15, 2024
9
Views

ഇന്ന് തൈപ്പൊങ്കല്‍. അതിര്‍ത്തിഗ്രാമങ്ങളില്‍ പൊങ്കലിനോടനുബന്ധിച്ച്‌ കാപ്പുകെട്ടല്‍ നടന്നു. തമിഴ് തിരുനാള്‍ എന്നറിയപ്പെടുന്ന പൊങ്കല്‍ അതിര്‍ത്തിഗ്രാമങ്ങളില്‍ ഉത്സവമാണ്.

കാപ്പുകെട്ടി കോലമിട്ട് ലക്ഷ്മീദേവിയെ വരവേല്‍ക്കുന്ന ചടങ്ങോടെയാണ് പൊങ്കലിന് തുടക്കമായത്.

തമിഴ് സംസ്കാരവുമായി ഇഴുകിച്ചേര്‍ന്ന കിഴക്കൻമേഖലയിലെ വടകരപ്പതി, എരുത്തേമ്ബതി, കൊഴിഞ്ഞാമ്ബാറ, പെരുമാട്ടി പഞ്ചായത്തുകളിലെ ഗ്രാമങ്ങളിലാണ് പൊങ്കല്‍ ആഘോഷത്തിനൊരുങ്ങിയത്.

തൈപ്പൊങ്കല്‍ ദിവസം കുടുംബത്തില്‍ പുതുതായി വിവാഹം കഴിഞ്ഞവരുണ്ടെങ്കില്‍ അവര്‍ക്ക് പുതുവസ്ത്രങ്ങളും സ്വര്‍ണാഭരണങ്ങളും പാത്രങ്ങളും നല്‍കും.

രാവിലെ സൂര്യോദയത്തിനു ശേഷം 8.30 വരെയാണ് പൊങ്കല്‍വെപ്പ്‌. പുതുതായി കൊയ്തെടുത്ത നെല്ലിന്റെ അരികൊണ്ട് പാത്രത്തില്‍ പൊങ്കല്‍ വെയ്‌ക്കും. വീട്ടുമുറ്റത്ത് തയ്യാറാക്കിയ അടുപ്പില്‍ സൂര്യന് അഭിമുഖമായിട്ടാണ് പൊങ്കല്‍ വെയ്‌ക്കുന്നത്.

വിടും കാലിത്തൊഴുത്തും വൃത്തിയാക്കി എരിക്കില, മാവില, വേപ്പില, ആവാരം പൂവിന്റെ ഇല, പൂളപ്പൂ തുടങ്ങിയവ ചെറിയ കെട്ടുകളാക്കി വീടിന്റെ നാല് മൂലകളിലും കെട്ടിവെയ്‌ക്കുന്നതാണ് കാപ്പുകെട്ടല്‍. കാപ്പുകെട്ടി കോലമിട്ട് ലക്ഷ്മീദേവിയെ വരവേല്‍ക്കുന്ന ചടങ്ങോടെയാണ് പൊങ്കലിന് തുടക്കമായത്.

അടുപ്പിനുസമീപത്തായി വാഴ, കരിമ്ബ് തുടങ്ങിയവയും ഉണ്ടാവും. പാത്രത്തില്‍നിന്ന്‌ തിളച്ചുയരുന്ന വെള്ളം കിഴക്കു ദിക്കിലേക്കാണ് വീഴുന്നതെങ്കില്‍ ഈ വര്‍ഷം ശുഭമായിരിക്കുമെന്നാണ് കര്‍ഷകജനതയുടെ വിശ്വാസം.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *