മാധ്യമപ്രവർത്തകയോട് വാട്സാപ്പിൽ മോശം പരാമർശം നടത്തിയ സംഭവം: എൻ.പ്രശാന്ത് ഐ.എ.എസിനെതിരേ പോലീസ് കേസെടുത്തു

September 7, 2021
170
Views

കൊച്ചി: മാധ്യമപ്രവർത്തകയോട് വാട്സാപ്പിൽ മോശം പരാമർശം നടത്തിയ സംഭവത്തിൽ എൻ.പ്രശാന്ത് ഐ.എ.എസിനെതിരേ പോലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റം ചുമത്തി എറണാകുളം സെൻട്രൽ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

ആഴക്കടൽ മത്സ്യബന്ധന വിവാദവുമായി ബന്ധപ്പെട്ട് വിവരങ്ങൾ തേടിയ ‘മാതൃഭൂമി’ ലേഖികയോടാണ് എൻ.പ്രശാന്ത് മോശമായി പെരുമാറിയത്. വാട്സാപ്പിൽ അശ്ലീലച്ചുവയുള്ള സ്റ്റിക്കറുകളാണ് പ്രശാന്ത് മറുപടിയായി അയച്ചത്. ഇതുസംബന്ധിച്ച് വ്യാപക പ്രതിഷേധമുയരുകയും സംഭവത്തിൽ പരാതി നൽകുകയും ചെയ്തിരുന്നു. ഈ പരാതിയിലാണ് പോലീസ് കേസെടുത്തത്.

പ്രശാന്തിനെതിരായ പരാതിയിൽ പോലീസ് നേരത്തെ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. കേസെടുക്കുന്നത് സംബന്ധിച്ച് ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷനിൽനിന്ന് നിയമോപദേശവും തേടി. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്താമെന്നായിരുന്നു പോലീസിന് ലഭിച്ച നിയമോപദേശം.

മാധ്യമപ്രവർത്തകൻ ഉദ്യോഗസ്ഥനോട് വിവരങ്ങൾ തേടുന്നത് തൊഴിലിന്റെ ഭാഗമാണ്. വിവരങ്ങൾ നൽകാനും നൽകാതിരിക്കാനും ഉദ്യോഗസ്ഥന് അവകാശമുണ്ട്. എന്നാൽ മോശമായ പ്രതികരണം പാടില്ലെന്നും നിയമോപദേശത്തിൽ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് പോലീസ് പ്രശാന്തിനെതിരേ കേസ് രജിസ്റ്റർ ചെയ്തത്.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *