‘മരക്കാർ അറബിക്കടലിന്റെ സിംഹം’ പ്രിയദർശൻ ഒരുക്കിയതിലെ ഏറ്റവും മികച്ച സിനിമ എന്ന് നടൻ പ്രതാപ് പോത്തൻ. തേന്മാവിൻ കൊമ്പത്തിന് ശേഷം തന്റെ മനസ്സിൽ തങ്ങി നിൽക്കുന്ന പ്രിയദർശൻ സിനിമ കൂടെയാണ് മരക്കാർ എന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.നടന്റെ പോസ്റ്റിന് പിന്നാലെ തന്നെ നിരവധിപ്പേർ വിമർശനവുമായി എത്തുകയും ചെയ്തു. മോഹൻലാൽ റിവ്യൂ എഴുതാൻ താങ്കൾക്ക് എത്ര രൂപ തന്നു എന്നാണ് ഒരാൾ ചോദിച്ചത്. ‘ഇൻകം ടാക്‌സിനെ അറിയിക്കില്ലെങ്കിൽ പറയാം. എന്റെ കേമാൻ ഐലൻഡ് അക്കൗണ്ടിലേക്ക് 3 മില്യൺ ഡോളർ ക്രെഡിറ്റ് ചെയ്തു. പക്ഷെ നിങ്ങളെ പോലൊരു വിടുവായനെ ഞാൻ എങ്ങനെ വിശ്വസിക്കും’ എന്നാണ് പ്രതാപ് പോത്തന്റെ മറുപടി. മരക്കാർ ‘ട്രോയ്’, ‘ബ്രേവ്ഹാർട്ട്’ തുടങ്ങിയ സിനിമകളിൽ നിന്നും കോപ്പി ചെയ്തിട്ടുണ്ട് എന്നും പലരും കമന്റ് ചെയ്തു. ഇവർക്കും പ്രതാപ് പോത്തൻ ശക്തമായ മറുപടി നൽകിയിട്ടുണ്ട്.
പ്രതാപ് പോത്തന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം:
കഴിഞ്ഞ ദിവസം ഞാൻ ആമസോൺ പ്രൈമിൽ മരക്കാർ കണ്ടു. സിനിമ എനിക്ക് വളരെയധികം ഇഷ്ടമായി. പ്രിയന്റെ ഏറ്റവും മികച്ച സൃഷ്ടി തന്നെയാണ് ഇത്. ഇതുപോലെ ഒരു വർക്ക് പ്രിയനിൽ നിന്നും നേരത്തെ കണ്ടത് തേന്മാവിൻ കൊമ്പത്ത് ആണ്. മലയാള സിനിമ ഇതുവരെ കാണാത്ത എപിക് സ്കെയിലിൽ ആണ് സിനിമ ഒരുക്കിയിരിക്കുന്നത്.പ്രിയൻ ഈ സിനിമയെ വളരെ രസകരമായി തന്നെ ഒരുക്കിയിരിക്കുന്നു. അൽപ്പം ശ്രദ്ധക്കുറവ് ഉള്ള വ്യക്തിയാണ് ഞാൻ. എന്നാല്‍ ഞാന്‍ മൂന്ന് മണിക്കൂറുള്ള ഈ സിനിമ കാണാന്‍ തുടങ്ങിയതോടെ പ്രിയന്റെ സൃഷ്ടിയുടെ ലോകത്തേക്ക് ഇഴുകി ചേരുകയായിരുന്നു. ഈ സിനിമയിലെ എല്ലാം തന്നെ മികച്ചു നിന്നു. ഫോട്ടോഗ്രാഫി, പ്രൊഡക്ഷൻ ഡിസൈൻ, മ്യൂസിക്, അഭിനയം, എല്ലാം. മോഹന്‍ലാല്‍ എന്ന അസാമാന്യ നടനെ കുറിച്ച് എന്താ പറയുക, വരും ദശകങ്ങളിൽ അദ്ദേഹം കുഞ്ഞാലിയുടെ മുഖമായി തന്നെ നിൽക്കും.
തുടക്കത്തിലേ പ്രണവിന്റെയും കല്യാണിയുടെയും ഗാനം അതിമനോഹരമായി ചിത്രീകരിച്ചു. പ്രണവ് ക്ലോസ് അപ്പിൽ അച്ഛനെ പോലെ തന്നെ.എന്റെ നെടുമുടി വേണു(എന്റെ ചെല്ലപ്പൻ ആശാരി) സാമൂതിരിയായി ആയി അഭിനയിച്ചപ്പോൾ മനസ് നിറഞ്ഞു. പ്രിയന്‍ ഒരു ചൈനീസ് പയ്യനെയും കീര്‍ത്തി സുരേഷിനെയും ചേർത്തു ചിത്രീകരിച്ച ഒരു ഗാനം എന്റെ മുഖത്ത് പുഞ്ചിരി വിടർത്തി. എന്റെ കുറിച്ചു വെച്ചോളൂ ഈ പെൺകുട്ടി വലിയ അത്ഭുതങ്ങൾ സൃഷ്ടിക്കും.