ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ പേര് ആദ്യമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കുറ്റപത്രത്തില്‍.
ഹരിയാനയില്‍ അഞ്ച് ഏക്കര്‍ ഭൂമി ക്രയവിക്രയം നടത്തിയതുമായി ബന്ധപ്പെട്ട കേസിലെ ഇ.ഡി. കുറ്റപത്രത്തിലാണ് പ്രിയങ്ക ഉള്‍പ്പെട്ടിട്ടുള്ളത്. ഭര്‍ത്താവും ബിസിനസുകാരനായ റോബര്‍ട്ട് വാദ്രയും കുറ്റപത്രത്തിലുണ്ട്. എന്നാല്‍ ‘കുറ്റവാളികള്‍’ ആയി പട്ടികപ്പെടുത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
എൻ.ആര്.ഐ വ്യവസായി സി.സി തമ്ബി, ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പൗരൻ സുമിത് ഛദ്ദ എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ആയുധ ഇടപാടുകാരൻ സഞ്ജയ് ഭണ്ഡാരിക്ക് അനധികൃത വരുമാനം മറച്ചുവെക്കാൻ സഹായിച്ചതായാണ് ഇ.ഡി പറയുന്നത്.
ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റ്റേറ്റ് ഏജന്റ് എച്ച്.എല്‍ പഹ്വയില്നിന്ന് 2006ല്‍ ഹരിയാനയിലെ ഫരീദാബാദില്‍ പ്രിയങ്ക അഞ്ച് ഏക്കര്‍ കൃഷി ഭൂമി വാങ്ങുകയും 2010ല്‍ പഹ്വയ്ക്കുതന്നെ വില്‍ക്കുകയും ചെയ്തതായി കുറ്റപത്രത്തില്‍ പറയുന്നു. 2005 മുതല്‍ 2008 വരെ 486 ഏക്കര്‍ ഭൂമി വാങ്ങാൻ തമ്ബി പഹ്വയുടെ സേവനം ഉപയോഗിച്ചതായി ഇഡി കുറ്റപത്രത്തില്‍ പറയുന്നു. 2005-06ല്‍ അമിപുരില് 40.08 ഏക്കര്‍ ഭൂമി റോബര്‍ട്ട് വാദ്ര വാങ്ങി. അതേ ഭൂമി 2010 ഡിസംബറില്‍ പഹ്വയ്ക്ക് വില്‍ക്കുകയും ചെയ്തു. ഇതിനുപുറമെയാണ് പ്രിയങ്ക ഗാന്ധിക്കെതിരെ ആരോപണമുയര്‍ന്നത്.