സംസ്‌കരിക്കുമ്പോള്‍ വയലാറിന്റെ ഗാനം വേണം, കണ്ണുകള്‍ ദാനം ചെയ്തു, റീത്ത് വേണ്ട; പി.ടിയുടെ അന്ത്യാഭിലാഷം

December 22, 2021
177
Views

തിരുവനന്തപുരം: സംസ്‌കാരത്തിന് മതപരമായ ചടങ്ങുകള്‍ വേണ്ടെന്ന് പി.ടി.തോമസിന്റെ അന്ത്യാഭിലാഷം. രവിപുരം ശ്മശാനത്തില്‍ തന്നെ ദഹിപ്പിക്കണമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. ‘ചന്ദ്ര കളഭം ചാര്‍ത്തിയുറങ്ങും” വയലാറിന്റെ ഗാനം ചെറിയ ശബ്ദത്തില്‍ കേള്‍പ്പിക്കണം. ചിതാഭസ്മത്തിന്റെ ഒരു ഭാഗം അമ്മയുടെ കല്ലറയില്‍ നിക്ഷേപിക്കണം. മൃതദേഹത്തില്‍ റീത്ത് വയ്‌ക്കരുത് തുടങ്ങിയ ആഗ്രഹങ്ങളാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. സുഹൃത്തുക്കളെയാണ് അദ്ദേഹം തന്റെ അന്ത്യാഭിലാഷം അറിയിച്ചിരുന്നത്. അതേസമയം പി.ടി.തോമസിന്റെ കണ്ണുകളും ദാനം ചെയ്തു.

അര്‍ബുദ രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പി.ടി.തോമസ് ഇന്ന് രാവിലെ 10.15നാണ് അന്തരിച്ചത്. ഒരു മാസത്തിലേറെയായി വെല്ലൂര്‍ സിഎംസി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. നാല് തവണ എംഎല്‍എയും ഒരു തവണ എംപിയുമായി. പി.ടി.തോമസിന്റെ ഭൗതികദേഹം വെല്ലൂരില്‍ നിന്നും അദ്ദേഹത്തിന്റെ ജന്മനാടായ ഇടുക്കി ഉപ്പുതോട്ടിലാകും ആദ്യം എത്തിക്കുക. ഇവിടെ പൊതുദര്‍ശനത്തിന് വച്ച ശേഷമായിരിക്കും കൊച്ചിയിലെ വീട്ടിലേക്ക് കൊണ്ടു പോകുന്നത്. നാളെ രാവിലെ തൃക്കാക്കര മണ്ഡലത്തിലും, ഡി.സി.സി ഓഫീസിലും, ടൗണ്‍ ഹാളിലും പൊതുദര്‍ശനത്തിന് വയ്‌ക്കുന്നുണ്ട്.

Article Categories:
Kerala · Latest News · Latest News · Politics

Leave a Reply

Your email address will not be published. Required fields are marked *