ശ്രീനഗര്‍: പുല്‍വാമ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെ വധിച്ചതായി സൈന്യം .ജെയ്ഷെ മുഹമ്മദ് കമാന്‍ഡര്‍ മുഹമ്മദ് ഇസ്മായേല്‍ അലവിയെന്ന അബു സെയ്ഫുല്ലയാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. 2017 മുതല്‍ കശ്മീര്‍ താഴ്വരയില് സജീവമായിരുന്ന അബു സെയ്ഫുല്ലയെന്ന് പൊലീസ് അറിയിച്ചു. പുല്‍വാമ ജില്ലയിലെ ഹാങ്ലാമാര്ഗ് ഏരിയയില്‍ മറ്റൊരു ഭീകരനൊപ്പമാണ് സെയ്ഫുല്ലയേയും സൈന്യം വധിച്ചത്.
2019 ഫെബ്രുവരി 14ന് നടന്ന പുല്‍വാമ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനാണ് കൊല്ലപ്പെട്ടത് . പാകിസ്താന് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജെയ്ഷെയുടെ കമാന്‍ഡര്‍മാരായ റൗഫ് അസ്ഹര്‍, മൗലാന മസൂദ് അസര്‍ എന്നിവരുടെയെല്ലാം അടുത്ത അനുയായിയാണ് ഇയാളെന്നും അധികൃതര്‍ പറയുന്നു .
താലിബാനൊപ്പം പരിശീലനം പുര്‍ത്തിയാക്കിയ സെയ്ഫുല്ല വാഹനങ്ങള്‍ സ്ഫോടനത്തില്‍ തകര്‍ക്കുന്നതില്‍ വിരുതനായിരുന്നു . ഈ മാതൃക തന്നെയാണ് പുല്‍വാമയിലെ ഭീകരാക്രമണവും ഇയാള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. ഇയാള്‍ക്കെതിരെ യു.എ.പി.എ നിയമവും ചുമത്തിയിട്ടുണ്ട്. സെയ്ഫുല്ലക്കൊപ്പം കൊല്ലപ്പെട്ട രണ്ടാമത്തെ ഭീകരനെ കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിച്ച് വരികയാണ് . സംഭവസ്ഥലത്ത് നിന്ന് എ.കെ-47 തോക്കുകള്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു .